- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണർകാട് പള്ളിയിൽ റാസ ഇന്ന്; കന്യകമറിയത്തോടുള്ള അപേക്ഷകളും പ്രാർത്ഥനാഗീതങ്ങളുമായി നാനാജാതി മതസ്ഥർ അണിനിരക്കും
മണർകാട്: മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള റാസ ഇന്ന്. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയെന്നറിയപ്പെടുന്ന റാസയെ എതിരേൽക്കാൻ ദേശവും ദേവാലയവും ഒരുങ്ങി. ഉച്ചയ്ക്ക് 12-ന് നടക്കുന്ന മധ്യാഹ്നപ്രാർത്ഥനയെത്തുടർന്ന് പ്രദക്ഷിണം പള്ളിയിൽനിന്ന് പുറപ്പെടും.
കന്യകമറിയത്തോടുള്ള അപേക്ഷകളും പ്രാർത്ഥനാഗീതങ്ങളുമായി നാനാജാതി മതസ്ഥരായ വിശ്വാസസമൂഹം റാസയിൽ അണിനിരക്കും. കന്യകമറിയത്തിന്റെ ഛായാചിത്രത്തിനുമുന്നിൽ കത്തിച്ച നിലവിളക്കും കുരുത്തോലകളും കൊടിതോരണങ്ങളുമായി വിശ്വാസികൾ റാസയെ എതിരേൽക്കും.
ആയിരക്കണക്കിന് മുത്തുക്കുടകളും നൂറുകണക്കിന് പൊൻ-വെള്ളി കുരിശുകളും, കൊടികളും, വെട്ടുക്കുടകളും ചെണ്ട-വാദ്യമേളങ്ങളം പ്രദക്ഷിണത്തിന് വർണ്ണപ്പകിട്ടേകും. രണ്ടിന് വലിയ പള്ളിയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം അംശവസ്ത്രങ്ങളണിഞ്ഞ വൈദികർ റാസയിൽ പ്രവേശിക്കും.
കൽക്കുരിശ്, കണിയാംകുന്ന്, മണർകാട് കവല എന്നിവിടങ്ങളിലെ കുരിശിൻതൊട്ടികളും കരോട്ടെ പള്ളിയും ചുറ്റി മൂന്നര കിലോമീറ്റർ സഞ്ചരിച്ചാണ് റാസ തിരികെ വലിയപള്ളിയിലെത്തുന്നത്. റാസയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായി പള്ളി ഭാരവാഹികൾ അറിയിച്ചു.
വിശുദ്ധ കന്യകമറിയം ഉണ്ണിയേശുവിനെ വഹിച്ചുനിൽക്കുന്ന തിരുസ്വരൂപം വിശ്വാസികൾക്ക് ദർശനത്തിന് തുറന്നുകൊടുക്കുന്ന നടതുറക്കൽ ബുധനാഴ്ച നടക്കും. വലിയ പള്ളിയിൽ മധ്യാഹ്ന പ്രാർത്ഥനയ്ക്കിടെയാണ് നട തുറക്കുന്നത്. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായും സഭയിലെ മറ്റ് മെത്രാപ്പൊലീത്താമാരും ചടങ്ങിൽ കാർമികരാകും.