കോട്ടയം: അയ്മനം കല്ലുങ്കത്ര സെന്റ് ജോർജ് പള്ളിയിൽ ഓർത്തഡോക്‌സ് സഭാ വിശ്വാസികളെ തടഞ്ഞ് യാക്കോബായ സഭാ വിശ്വാസികൾ. ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ എത്തുമെന്ന് അറിഞ്ഞു കാത്തുന്ന യാക്കോബായ സഭാ വിശ്വാസികൾ ഇവർ പള്ളിയിലേക്ക് പ്രവേശിക്കുന്നത് പ്രവേശന കവാടത്തിൽ വെച്ച് തന്നെ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ 10-നായിരുന്നു സംഭവം. യാക്കോബായ സഭ നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണെന്നും തത്കാലം പിരിഞ്ഞ് പോകണമെന്നും കോട്ടയം ഡിവൈ.എസ്‌പി. നിർദേശിച്ചതോടെ ഓർത്തഡോക്‌സ് വിശ്വാസികൾ പിരിഞ്ഞുപോയി.

കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലാണ് വിശ്വാസികൾ പള്ളിയിൽ ഈ നീക്കത്തെ ചെറുത്തത്. പള്ളി കൈയേറാനുള്ള ശ്രമമാണ് നടന്നത്. ഈ പള്ളി സുപ്രീംകോടതിവിധിയുടെ പരിഗണനയിൽ വരുന്നതല്ല. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്‌സ് വിശ്വാസികൾക്ക് പള്ളി വിട്ടുകൊടുക്കാൻ പറ്റില്ലെന്ന് യാക്കോബായ സഭാംഗങ്ങൾ വ്യക്തമാക്കി.

രാവിലെ ഒരു വാനിലാണ് അഞ്ച് പുരോഹിതരുടെ നേതൃത്വത്തിൽ ഓർത്തഡോക്‌സ് വിശ്വാസികൾ വന്നത്. സുപ്രീംകോടതി വിധിപ്രകാരം പള്ളി ഏറ്റെടുക്കാൻ അവർ വരുമെന്ന് നേരത്തെ പ്രചാരണം ഉണ്ടായിരുന്നതിനാൽ യാക്കോബായ വിശ്വാസികൾ രാവിലെ എട്ടിന് പള്ളിയിൽ എത്തി. ഗേറ്റടച്ച് അവർ മുറ്റത്തുനിന്നു. കോട്ടയം ഡിവൈ.എസ്‌പി. എ.ജെ. തോമസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി ഗേറ്റിന് പുറത്ത് നിലയുറപ്പിച്ചു.

പള്ളിയുടെ കേസ് ഹൈക്കോടതി പരിഗണനയിൽ ഇരിക്കുകയാണെന്ന് ട്രസ്റ്റി പി.സി. ജോർജ് അറിയിച്ചു. അനാവശ്യസംഘർഷം സൃഷ്ടിക്കാനാണ് ഓർത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പള്ളി 1934-ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന കോട്ടയം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവ് അനുസരിച്ചാണ് പ്രവേശിക്കാൻ എത്തിയതെന്ന് ഓർത്തഡോക്‌സ് സഭ പ്രതികരിച്ചു. വൈദികരെയും ഇടവകാംഗങ്ങളെയും തടഞ്ഞത് പ്രതിഷേധാർഹമാണെന്ന് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പൊലീത്താ പറഞ്ഞു.

നിയമിക്കപ്പെട്ട വികാരി ഫാ. കെ.എം. സഖറിയായുടെ നേതൃത്വത്തിലാണ് വൈദികരും വിശ്വാസികളും വന്നത്. പൊലീസുമായി സഹകരിച്ച് തുടർനടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ച് പിരിഞ്ഞ വിശ്വാസികളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.