ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 95-ാം സമാധി ദിനാചരണത്തിനായി ശിവഗിരി ഒരുങ്ങി. ഗുരുസമാധി ദിനാചരണം വിവിധ പരിപാടികളോടെ ബുധനാഴ്ച നടക്കും. പുലർച്ചെ അഞ്ചിന് വിശേഷാൽ പൂജ, ഹവനം, ഏഴിന് പ്രഭാഷണം, 10-ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.

ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമി ഗുരുപ്രസാദ് ബോധാനന്ദസ്വാമി സ്മൃതി നിർവഹിക്കും. സ്വാമി ഋതംഭരാനന്ദ, വി.ജോയി എംഎ‍ൽഎ. തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് സ്വാമി സച്ചിദാനന്ദ സമാധിവർണന നിർവഹിക്കും.

അതേസമയം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിൽ 26 മുതൽ ഒക്ടോബർ മൂന്നുവരെ വരെ വിവിധ കലാപരിപാടികൾ നടത്തും. കലാപരിപാടികളുടെ അരങ്ങേറ്റത്തിനും മറ്റു പരിപാടികൾ വഴിപാടായി അവതരിപ്പിക്കുന്നതിനും കലാകാരന്മാർക്കും സംഘടനകൾക്കും അവസരം ലഭ്യമാക്കും.

രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് പരിപാടികൾ. സന്ന്യാസിമാർ നയിക്കുന്ന ജനനീനവരത്നമഞ്ജരി പഠനക്ലാസും ഉണ്ടാകും. ശാരദാമഠത്തിൽ ശാരദാപൂജയും വിശേഷാൽ ശാരദാപൂജയും നടക്കും. പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സൗകര്യപ്രദമായ ദിവസം മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് നവരാത്രി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു.