- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരുമല പെരുന്നാളിന് കൊടിയിറങ്ങി; പദയാത്രയായി കബറിടത്തിലെത്തിയത് പതിനായിരങ്ങൾ
തിരുവല്ല: പരുമല തിരുമേനിയുടെ 120-ാമത് ഓർമപ്പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു. 'പരിശുദ്ധനായ പരുമല തിരുമേനി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ...' എന്ന മധ്യസ്ഥപ്രാർത്ഥനയുമായി പതിനായിരങ്ങളാണ് പദയാത്രയായി കബറിടത്തിലെത്തിയത്. സമാപന ദിവസമായ ബുധനാഴ്ച രാവിലെ ഗീവർഗീസ് മാർ പീലക്‌സിനോസ് മെത്രാപ്പൊലീത്ത, യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പൊലീത്ത എന്നിവരുടെ കാർമ്മികത്വത്തിൽ കുർബാന നടന്നു. മൂന്നിന്മേൽ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പൊലീത്ത, യൂഹാനോൻ മാർ ദീയസ്‌കോറസ് മെത്രാപ്പൊലീത്ത എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2ന് നടന്ന സമാപന റാസയിൽ വിവിധ ഭാദ്രാസനങ്ങളിൽ നിന്നുള്ള വൈദികരും വിശ്വാസികളും പങ്കെടുത്തു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് സമാപന ആശീർവാദം നൽകി. മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും മെത്രാപ്പൊലീത്തമാരും വിശ്വാസികൾക്ക് വാഴ്‌വ് നൽകി. സഭയുടെ പരിശുദ്ധന്മാരായ പരുമല തിരുമേനിയുടേയും, യൽദോ മാർ ബസേലിയോസ് ബാവായുടേയും പരിശുദ്ധ പ്രഖ്യാപനത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങൾക്ക് കാതോലിക്കാ ബാവ തുടക്കം കുറിച്ചു.
കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികൾക്ക് ശ്ലൈഹിക വാഴ്‌വും ശ്രാദ്ധ സദ്യയും നൽകി. പള്ളിയിൽനിന്ന് പുറപ്പെട്ട റാസ പമ്പാനദിക്കരയിലെ കുരിശടിക്ക് വലംവെച്ച് റോഡിലൂടെ നടന്ന് പള്ളിയിൽ സമാപിച്ചു. വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ കെ.വി. പോൾ റമ്പാൻ എന്നിവർ റാസയ്ക്ക് നേതൃത്വംനൽകി. ധൂപ പ്രാർത്ഥനയ്ക്കും ആശിർവാദത്തിനുംശേഷം കൊടിയിറക്കിയതോടെ പെരുന്നാൾ സമാപിച്ചു. പെരുന്നാൾ ദിനങ്ങളിൽ അഭൂതപൂർവമായ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്.