- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകാദശി നാളിൽ കണ്ണനെ കണ്ട് തൊഴാൻ ഗുരുവായൂരിലെത്തിയത് പതിനായിരങ്ങൾ; അന്നദാനത്തിന് 1.50 കോടി രൂപ നൽകി മുകേഷ് അംബാനി: രണ്ട് ദിവസത്തെ വരുമാനം 2.95 കോടി
ഗുരുവായൂർ: ഏകാദശി നാളിൽ കണ്ണനെ കണ്ട് തൊഴാൻ ഗുരുവായൂരിലെത്തിയത് പതിനായിരങ്ങൾ. രാത്രിയും പകലും തിരക്കിന് കുറവില്ലായിരുന്നു. പതിവില്ലാത്ത തിരക്കാണ് ഇക്കുറി ഏകാദശിക്ക് ഉണ്ടായത്. ഇന്നലെ രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം എഴുന്നള്ളിച്ചു. ശനിയാഴ്ച പുലർച്ചെ 3ന് തുറന്ന ക്ഷേത്രനട ദ്വാദശി ദിവസമായ ഇന്ന് രാവിലെ 9ന് മാത്രമേ അടയ്ക്കുകയുള്ളു.
ശുചീകരണത്തിനും പുണ്യാഹത്തിനും ശേഷം ഇന്ന് രാവിലെ 11.30ന് വീണ്ടും നട തുറക്കും. ഇക്കുറി ശനിയും ഞായറും ഏകാദശി ആയിരുന്നതിനാൽ എഴുന്നള്ളിപ്പിൽ മാറ്റങ്ങളുണ്ടായി. ഏകാദശി ദിവസം രാവിലെ 1 മണിക്കൂർ കാഴ്ചശീവേലി മാത്രമാണ് പതിവ്. ഉച്ച കഴിഞ്ഞ് കാഴ്ചശീവേലി ഉണ്ടാകാറില്ല.
2 ദിവസം ഏകാദശി ആയതോടെ ഇന്നലെ രാവിലെയും ഉച്ചകഴിഞ്ഞും മേളത്തോടെ വിസ്തരിച്ച കാഴ്ചശീവേലിയും 3 നേരം സ്വർണക്കോലം എഴുന്നള്ളിച്ചതും പ്രത്യേകതയായി. 2 ദിവസവും ഗോതമ്പ് ചോറും വ്രതവിഭവങ്ങളും അടങ്ങിയ പ്രസാദ ഊട്ട് നൽകി. അരലക്ഷത്തിലേറെ പേർ പങ്കെടുത്തു.
ഇന്നലെ അർധരാത്രിയോടെ ദ്വാദശിപ്പണ സമർപ്പണം ആരംഭിച്ചു. കൂത്തമ്പലത്തിൽ പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്‌നിഹോത്രികളായ വേദജ്ഞർക്ക് ദക്ഷിണ സമർപ്പിക്കുന്ന ചടങ്ങ് ഇന്ന് രാവിലെ 9 വരെ തുടരും. ഇന്ന് ക്ഷേത്രത്തിൽ 7 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്.
2 ദിവസം: വരുമാനം 2.95 കോടി രൂപ
ക്ഷേത്രത്തിൽ ഏകാദശി 2 ദിവസത്തെ വഴിപാട് ഇനത്തിലെ വരുമാനം 2.95 കോടി രൂപ. ഇതിൽ 1.50 കോടി രൂപ മുകേഷ് അംബാനി അന്നദാനത്തിന് നൽകിയ വഴിപാട് തുകയാണ്. ക്യൂ നിൽക്കാതെ ദർശനം നടത്താനുള്ള നെയ് വിളക്ക് വഴിപാടിൽ നിന്നാണ് വരുമാനം കൂടുതൽ. 2 ദിവസങ്ങളിലായി 5846 പേർ നെയ് വിളക്ക് ദർശനം നടത്തി. ഈ ഇനത്തിൽ 57.88 ലക്ഷം രൂപ ലഭിച്ചു. വഴിപാടിന് പുറമേയാണ് ഭണ്ഡാരവരവ്.