വത്തിക്കാൻ സിറ്റി: ബനഡിക്ട് പതിനാറാമാൻ ഓർമ്മയാകുമ്പോൾ കബറടക്ക ശുശ്രൂഷയിൽ പ്രതിഫലിക്കുക 600 വർഷത്തെ അപൂർവ്വത. ആറു നൂറ്റാണ്ടുകൾക്കു ശേഷമാണ് ഒരു മാർപാപ്പ തന്റെ മുൻഗാമിയുടെ കബറടക്ക ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 600 വർഷത്തിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പ എന്ന അപൂർവതയാണു ബനഡിക്ട് പതിനാറാമന്റെ കബറടക്ക ശുശ്രൂഷയെ വ്യത്യസ്തമാക്കുന്നത്.

ശനിയാഴ്ച രാവിലെയാണ് ബെഡനിഡ്ക്ട് പതിനാറാമന്ഡ മാർപാപ്പ കാലം ചെയ്തത്. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പുതുവർഷ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ ബനഡിക്ട് പതിനാറാമനെ അനുസ്മരിച്ചു സംസാരിച്ചു. ബുധനാഴ്ച വത്തിക്കാനിലെ മാത്തർ എക്ലേസിയ സന്യാസ ആശ്രമത്തിൽ ബനഡിക്ട് പാപ്പായെ സന്ദർശിച്ച ഫ്രാൻസിസ് പാപ്പാ, ലോകമെങ്ങുമുള്ള വിശ്വാസികളോട് പരിശുദ്ധ പിതാവിനുവേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചിരുന്നു. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ മുറിയിൽ നടത്തിയ പ്രത്യേക കുർബാനയിൽ പങ്കുകൊണ്ട ബനഡിക്ട് പാപ്പാ ശനിയാഴ്ച രാവിലെ 9.34ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.04ന്) മരണം വരിക്കുക ആയിരുന്നു.

ചുവപ്പ്, സ്വർണനിറങ്ങളിലുള്ള ആരാധനാ വസ്ത്രങ്ങൾ ധരിച്ച ബനഡിക്ട് പതിനാറാമന്റെ ഭൗതികശരീരത്തിന്റെ ചിത്രം വത്തിക്കാൻ ഇന്നലെ പുറത്തുവിട്ടു. മാത്തർ എക്ലേസിയ ആശ്രമത്തിലെ ചാപ്പലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്നു രാവിലെ സ്വകാര്യമായാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റുക.

ബനഡിക്ട് പാപ്പായുടെ 'ആത്മീയ സാക്ഷ്യം' പ്രസിദ്ധീകരിച്ചു

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ബനഡിക്ട് പതിനാറാമൻ രചിച്ച രണ്ട് പേജുള്ള 'ആത്മീയ സാക്ഷ്യം' പ്രസിദ്ധീകരിച്ചു. ഓരോ മാർപാപ്പയും തന്റെ സേവനകാലത്ത് ആത്മീയസാക്ഷ്യം രചിക്കുന്ന പതിവുണ്ട്. മരണശേഷം മാത്രമേ അത് പ്രസിദ്ധീകരിക്കാറുള്ളൂ. ശനിയാഴ്ച രാത്രിയാണ് വത്തിക്കാൻ ബനഡിക്ട് പാപ്പായുടെ ആത്മീയ സാക്ഷ്യം പ്രസിദ്ധീകരിച്ചത്. 2006 ഓഗസ്റ്റ് 29ന് രചിച്ച ആത്മീയസാക്ഷ്യമാണ് വത്തിക്കാൻ അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചത്.

ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുനാഥന്മാർക്കും സുഹൃത്തുക്കൾക്കും നന്ദി പറയുന്ന പാപ്പാ അറിഞ്ഞോ അറിയാതെയോ സംഭവിച്ച തെറ്റുകൾക്കു ക്ഷമാപണം നടത്തുന്നുണ്ട്. തിന്മകളും കുറവുകളും ഉണ്ടെങ്കിലും ദൈവം തന്നെ നിത്യതയിലേക്കു സ്വീകരിക്കാൻ പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിച്ചാണ് ആത്മീയസാക്ഷ്യം പൂർണമാകുന്നത്.