- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെത്രാഭിഷേകത്തിന് കാർമികത്വം വഹിക്കാൻ പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ ആഗോള പരമാധ്യക്ഷനെത്തി; ചരിത്ര നിമിഷം ഞായറാഴ്ച
തൃശ്ശൂർ: ഇന്ത്യയിൽ ആദ്യമായി നടക്കുന്ന മെത്രാഭിഷേകത്തിന് കാർമികത്വം വഹിക്കാനായി പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ ആഗോള പരമാധ്യക്ഷൻ കാതോലിക്കോസ് പാത്രിയർക്കീസ് മാറൻ മാർ ആവെ തൃതീയൻ തൃശ്ശൂരിലെത്തി. ഞായറാഴ്ചയാണ് മാർ ഔഗിൻ കുരിയാക്കോസിന്റെ മെത്രാഭിഷേകം. തൃശ്ശൂരിലാണ് ചരിത്ര മുഹൂർത്തം നടക്കുക. ആഗോള പരമാധ്യക്ഷനായ ശേഷമുള്ള കാതോലിക്കോസ് പാത്രിയർക്കീസ് മാറൻ മാർ ആവെയുടെ ആദ്യത്തെ ഇന്ത്യൻ സന്ദർശനമാണിത്. എപ്പിസ്‌കോപ്പയായിരിക്കേ രണ്ടുതവണ ഇന്ത്യയിലെത്തിയിട്ടുണ്ട്.
അനാരോഗ്യം കാരണം മാർ അപ്രേം മെത്രാപ്പൊലീത്ത സ്ഥാനമൊഴിയുന്നതിനാലാണ് മാർ ഔഗിൻ കുരിയാക്കോസ് അഭിഷിക്തനാകുന്നത്. തൃശ്ശൂരിലെത്തിയ മാറൻ മാർ ആവെ തൃതീയൻ കാതോലിക്കോസ് പാത്രിയർക്കീസിന് മാർ അപ്രേം മെത്രാപ്പൊലീത്തയും വൈദികരും സഭാ വിശ്വാസികളും ചേർന്ന് തൃശ്ശൂർ മാർത്ത് മറിയം വലിയപള്ളി കത്തീഡ്രലിൽ പ്രൗഢോജ്വല സ്വീകരണം നൽകി. ആഗോള പരമാധ്യക്ഷനോടൊപ്പം സിറിയയിൽ നിന്നുമുള്ള മാർ അപ്രേം അഥനിയേൽ മെത്രാപ്പൊലീത്ത, കാനഡയിൽ നിന്നുമുള്ള മാർ ഇമ്മാനുവേൽ യോസഫ്, ഈസ്റ്റേൺ യുഎസിൽനിന്നുള്ള മാർ പൗലോസ് ബെഞ്ചമിൻ, ന്യൂസീലൻഡിൽ നിന്നുള്ള മാർ ബെന്യാമിൻ ഏലിയൊ എന്നിവരും തൃശ്ശൂരിലെത്തി. സ്വീകരണത്തിന് ശേഷം ആഗോള പരമാധ്യക്ഷൻ കത്തീഡ്രലിൽ പ്രത്യേക പ്രാർത്ഥന നടത്തി. ട്രസ്റ്റിമാരും വൈദികരും ഉപഹാരങ്ങൾ നൽകി.
സഭയുടെ പ്രധാന അതിരൂപതയാണ് ഇന്ത്യയെന്ന് സഭയുടെ ആഗോള പരമാധ്യക്ഷൻ കാതോലിക്കോസ് പാത്രിയർക്കീസ് മാറൻ മാർ ആവെ തൃതീയൻ പറഞ്ഞു. ഞായറാഴ്ച തൃശ്ശൂരിൽ നടക്കാനിരിക്കുന്ന മെത്രാഭിഷേകത്തിനായി എത്തിയ ആഗോളാധ്യക്ഷന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. ക്രിസ്തുശിഷ്യൻ തോമാശ്ലീഹ എത്തിയ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഒന്നാം നൂറ്റാണ്ടിൽത്തന്നെ ഇന്ത്യയിൽ കൽദായസഭയ്ക്ക് തുടക്കമിടാനും സാധിച്ചിട്ടുണ്ട്. അതിനാൽ കൽദായസഭയ്ക്ക് ഈ രാജ്യം ഏറെ പ്രാധാന്യമുള്ളതാണ്. ഇന്ത്യയിലേക്ക് ഇതിന് മുന്നേ വരണമെന്ന് കരുതിയിരുന്നെങ്കിലും കോവിഡും മറ്റ് കാരണങ്ങളും യാത്ര വൈകിച്ചുവെന്നും മാറൻ മാർ ആവെ തൃതീയൻ പറഞ്ഞു. തിരുമേനിമാരെ, ചെമ്മാശന്മാരെ, വിശ്വാസികളേ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തത് എല്ലാവരുടേയും കൈയടി നേടി.