തൃശൂർ: പാരമ്പര്യത്തനിമ നിറഞ്ഞ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മെത്രാപ്പൊലീത്തയായി മാർ ഔഗിൻ കുര്യാക്കോസ് അഭിഷിക്തനായി. കൽദായ സഭയുടെ ഇന്ത്യയിലെയും ദക്ഷിണ ഗൾഫ് രാജ്യങ്ങളുടെയും മെത്രാപ്പൊലീത്തയായി ആണ് മാർ ഔഗിൻ വാഴിക്കപ്പെട്ടത്.

ഇന്ത്യയിൽ കാലം ചെയ്ത പൂർവികരായ മാർ ഔദീശോ, വിശുദ്ധ മാർ അബിമലേക്ക് തിമോഥെയൂസ്, മാർ തോമ ധർമോ, മാർ തിമോഥെയൂസ് രണ്ടാമൻ, മാർ പൗലോസ് മാർ പൗലോസ് എന്നിവരുടെ ഓർമകൾ നിലനിൽക്കുന്ന മാർത്തമറിയം വലിയ പള്ളിയിൽ നടന്ന ചടങ്ങിന് മാർ ആവാ ത്രിതീയൻ കാതോലിക്കോസ് പാത്രിയർക്കീസ് കൈവയ്പ് ശുശ്രൂഷ നടത്തി. വിവിധ വിദേശ രൂപതകളുടെ മെത്രാപ്പൊലീത്തമാരായ മാർ ബെന്യാമിൻ ഏലിയ, മാർ പൗലോസ് ബെഞ്ചമിൻ, മാർ ഇമ്മാനുവൽ ജോസഫ്, മാർ അപ്രേം അഥാനിയേൽ, സ്ഥാനമൊഴിഞ്ഞ മെത്രാപ്പൊലീത്ത മാർ അപ്രേം, ആർച്ച് ഡീക്കൻ വില്യം തോമ എന്നിവർ സഹകാർമികരായി.

രാവിലെ 7ന് മെത്രാപ്പൊലീത്തൻ അരമനയിൽ നിന്നു പാത്രിയർക്കീസിനെയും സംഘത്തെയും മാർ ഔഗിനെയും വലിയ പള്ളിയിൽ എതിരേറ്റു. ഇന്ത്യൻ സഭയ്ക്ക് ഇത് അഭിമാന മുഹൂർത്തമാണെന്നു മാർ ആവ ത്രിതീയൻ കാതോലിക്കോസ് പാത്രിയർക്കീസ് അഭിപ്രായപ്പെട്ടു. ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം മെത്രാപ്പൊലീത്ത വിരമിച്ച ഒഴിവിലേക്കാണ് മാർ ഔഗിൻ കുരിയാക്കോസിനെ സിനഡ് തിരഞ്ഞെടുത്ത് ഇന്ത്യയുടെയും ദക്ഷിണ ഗൾഫ് രാജ്യങ്ങളുടെയും മെത്രാപ്പൊലീത്തയായി വാഴിച്ചത്. പൗരസ്ത്യ കൽദായ സുറിയാനിസഭയിൽ ആദ്യമായാണ് മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണച്ചടങ്ങ് ഇന്ത്യയിൽ നടക്കുന്നത്.

മാർ ഔഗീന്റെ അമ്മ അച്ചാമ്മ, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരും പട്ടാഭിഷേകച്ചടങ്ങ് നേരിട്ട് കാണാൻ വലിയപള്ളിയിലെത്തി. വിവിധ സംസ്ഥാനങ്ങളിലെ ദേവാലയങ്ങളിൽനിന്ന് വൈദികരും ആയിരക്കണക്കിന് വിശ്വാസികളും വിദേശ പ്രതിനിധികളും ചടങ്ങുകൾക്ക് സാക്ഷികളായി. മാന്ദാമംഗലം പാച്ചാംപറമ്പിൽ പൗലോസ് അച്ചാമ്മ ദമ്പതികളുടെ മകനാണ് മാർ ഔഗിൻ കുര്യാക്കോസ്. 2000 ജൂൺ 13നു പൗരോഹിത്യം സ്വീകരിച്ചു. 2010 ജനുവരി 17ന് എപ്പിസ്‌കോപ്പ പദവിയിലെത്തി. 2021ൽ പാത്രിയർക്കൽ അഡ്‌മിനിസ്‌ട്രേറ്റർ പദവി സ്വീകരിച്ചതിനു പിന്നാലെയാണ് മെത്രാപ്പൊലീത്ത പദവിയിലെത്തിയത്.

കൽദായസഭയെ ഉയരങ്ങളിലേക്കു നയിക്കുന്നതിൽ മുൻപന്തിയിൽ നിന്ന തദ്ദേശ പിതാക്കന്മാരുടെ ഗണത്തിലേക്ക് ഇനി മാർ ഔഗിൻ കുര്യാക്കോസ്. മാർ ഔദിശോ മെത്രാപ്പൊലാത്തയാണ് കേരളത്തിൽ നിന്നു സഭയുടെ ഇടയസ്ഥാനത്ത് എത്തിയ പ്രമുഖരിലൊരാൾ. ഇരുവിഭാഗങ്ങളിലായി ഭിന്നിപ്പിന്റെ എതിർശബ്ദങ്ങളുണ്ടായിരുന്ന കാലത്ത് സഭയെ ഐക്യത്തിലേക്കു നയിച്ചത് തദ്ദേശ മെത്രാന്മാരായ മാർ തിമോഥെയൂസ് രണ്ടാമൻ, മാർ പൗലോസ് മാർ പൗലോസ്, മാർ അപ്രേം മെത്രാപ്പൊലീത്ത എന്നിവരാണ്.

രണ്ടുപതിറ്റാണ്ടോളം സഭയുടെ മെത്രാപ്പൊലീത്ത പദവിയിൽ മാർ തിമോഥെയൂസ് രണ്ടാമൻ തിളങ്ങി. ഐക്യത്തിനു വഴിതെളിച്ചു സഭയ്ക്കു കുതിപ്പേകുകയും ചെയ്തു. പൗലോസ് മാർ പൗലോസ് മികച്ച സാമൂഹിക പ്രവർത്തകനായും പേരുകേട്ടു. മാർ അപ്രേം തൃശൂരിന്റെ സ്വന്തമായി മാറി. ആ നിരയിലേക്കാണ് മാർ ഔഗിൻ കുര്യാക്കോസിന്റെ കടന്നു വരവ്.