കാൻബറ: ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ കത്തോലിക്ക പുരോഹിതനായ കർദിനാൾ ജോർജ് പെൽ അന്തരിച്ചു. റോമിൽ വച്ചാണ് അദ്ദേഹം മരണത്തെ പുൽകിയത്. ഇടുപ്പെല്ലിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കവെയാണ് മരണം. 2014 മുതൽ 2019 വരെ വത്തിക്കാന്റെ സാമ്പത്തിക വിഭാഗത്തിന്റെ തലവനായിരുന്നു. 2019ൽ അദ്ദേഹം പോക്‌സോ കേസിൽ ഓസ്‌ട്രേലിയയിൽ ജയിലിലായി. എന്നാൽ അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞതോടെ ഒരു വർഷത്തിന് ശേഷം ജയിൽ മോചിതനായി.

ഇടുപ്പെല്ലിൽ നടന്ന ശസ്ത്രക്രിയയെതുടർന്ന് ഹൃദയത്തിനുണ്ടായ സങ്കീർണതകളെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ കൊമൻസോളി പറഞ്ഞു. ഓസ്‌ട്രേലിയയിലും ലോകമെമ്പാടും തന്നെ വളരെ അധികം സ്വാധനീമുള്ള പുരോഹിതനായിരുന്നു കർദിനാൾ പെൽ. മെൽബണിലേയും സിഡ്‌നിയിലേയും ആർച്ച് ബിഷപ്പായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.