ഗുരുവായൂർ: ഗുരുവായൂരിൽ ഇനി പത്തുനാൾ ഉത്സവകാലം. വെള്ളിയാഴ്ച രാത്രിയാണ് പത്ത് ദിവസത്തെ ഉത്സവത്തിന് കൊടിയേറിയത്. എട്ടരയ്ക്ക് കൊടിയേറ്റച്ചടങ്ങ് തുടങ്ങി. മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സ്വർണധ്വജത്തിൽ ശംഖധ്വനിക്കിടയിൽ കൊടി ഉയർത്തി. തന്ത്രിമാരായ ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരും കൂടെയുണ്ടായിരുന്നു.

സ്വർണക്കൊടിമരത്തിനു കീഴെ സപ്തവർണക്കൊടിക്ക് പൂജനടത്തി ശ്രീലകത്തു കൊണ്ടുപോയി ദേവചൈതന്യം കൊടിയിലേക്ക് പകർന്നശേഷമായിരുന്നു കൊടിയേറ്റ്. ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട് ആചാര്യവരണം നിർവഹിച്ചു.

വൈകീട്ട് മൂന്നിന് നടന്ന ആനയോട്ടത്തിൽ ഗോകുൽ ഒന്നാമനായി. ഓട്ടമാരംഭിച്ച മഞ്ജുളാൽ മുതൽ മുന്നിൽക്കുതിച്ച ചെന്താമരാക്ഷനെയും കണ്ണനെയും പിന്നിലാക്കിയാണ് ഗോകുൽ ആദ്യം ഓടിയെത്തിയത്. പിടിയാന ദേവിയും കൊമ്പൻ രവികൃഷ്ണയും നാലും അഞ്ചും സ്ഥാനത്തെത്തി.

ഉത്സവാരംഭദിനത്തിൽ രാവിലെ ഗുരുവായൂരപ്പൻ ആനയില്ലാതെ ശീവേലിക്ക് എഴുന്നള്ളി. എന്നും ശീവേലിക്ക് ആനപ്പുറത്ത് എഴുന്നള്ളുന്ന ഗുരുവായൂരപ്പൻ വർഷത്തിൽ ഒരു ദിവസം ഒരു നേരം മാത്രമാണ് ആനയില്ലാതെ എഴുന്നള്ളുക.