ശബരിമല: ശബരിമല ഉത്സവത്തിന് നാളെ കൊടിയേറും. പത്തുദിവസത്തെ ഉത്സവത്തിനായി ശബരിമലക്ഷേത്രനട ഇന്ന തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ പോറ്റി നട തുറന്ന് ദീപം തെളിയിക്കും. പിന്നീട് ആഴിയിൽ അഗ്‌നിപകരും. തുടർന്ന് ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കും. ഞായറാഴ്ച പൂജകളൊന്നും ഉണ്ടാകില്ല.

തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് നട തുറന്നശേഷം പതിവ് പൂജകൾ നടക്കും. രാവിലെ 9.45-നും 10.45-നും ഇടയിലാണ് കൊടിയേറ്റ്. 28 മുതൽ ഏപ്രിൽ നാലുവരെ ഉത്സവബലി, ശ്രീഭൂതബലി എന്നിവ നടക്കും. ഈ ദിവസങ്ങളിൽ 11.30 മുതൽ 12.30 വരെയാണ് ഉത്സവബലി ദർശനം. രാത്രി 7.30-നാണ് ശ്രീഭൂതബലി, 31-മുതൽ ശ്രീഭൂതബലിയ്കുശേഷം വിളക്കിനെഴുന്നെള്ളത്ത് നടക്കും. ഏപ്രിൽ നാലിനാണ് പള്ളിവേട്ട. അഞ്ചിന് രാവിലെ പമ്പയിൽ ആറാട്ട്. ഈസമയം ഭക്തർക്ക് പറ വഴിപാടിന് സൗകര്യം ഉണ്ട്. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തി കൊടിയിറക്കിന് ശേഷം ഹരിവരാസനം പാടി നടയടയ്ക്കും.

ഉത്സവത്തിനുള്ള ബോർഡിന്റെ ഒരുക്കമെല്ലാം പൂർത്തിയായി. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെല്ലാം ജീവനക്കാരുടെ നിയമനം കഴിഞ്ഞു. വെർച്വൽ ക്യൂവിന്റെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഞായറാഴ്ച രാവിലെ മുതൽ നിലയ്ക്കലിലും, പമ്പയിലും തുടങ്ങും. മാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിൽ ദേവസ്വംബോർഡിന്റെ അന്നദാനം മൂന്നുനേരം വീതം എല്ലാദിവസവും ഉണ്ടാകും. കെ.എസ്.ആർ.ടി.സി.യുടെ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ സ്റ്റാൻഡിന്റെ പ്രവർത്തനവും ഞായറാഴ്ച രാവിലെ ആരംഭിക്കും. പ്രധാനകേന്ദ്രങ്ങളിൽ നിന്നെല്ലാം ബസ് ഉണ്ടാകും.