അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിൽ പൂരംകൊടികയറി. കൊടിയേറ്റ് ദിവസമായ ഇന്നലെ ദേവിയെ ദർശിച്ച് അനുഗ്രഹം തേടാനായി അനേകായിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകി എത്തിയത്. വേനൽച്ചൂടിനെ കൂസാതെ ഭക്തലക്ഷങ്ങൾ പൂരം പുറപ്പാടിനും അമ്മയുടെ ആദ്യആറാട്ടിനും കൊട്ടിക്കയറ്റത്തിനും സാക്ഷിയായി. രാവിലെ എട്ടിന് പൂരച്ചടങ്ങിന് തുടക്കംകുറിച്ച് സരോജിനി നങ്ങ്യാരമ്മയുടെ നങ്ങ്യാർകൂത്ത്. തുടർന്ന് അമ്മന്നൂർ കുട്ടൻ ചാക്യാരുടെ കൂത്ത് പുറപ്പാട്. തന്ത്രി പന്തലകോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ പുറപ്പാട് പൂജ എന്നിവ നടന്നു.

മേൽശാന്തി നൽകിയ ചെമ്പരത്തിമാല കഴുത്തിലണിഞ്ഞ് ക്ഷേത്രം അടികൾ തോട്ടപ്പുള്ളി പ്രമോദ് അടിയാളുടെ നൃത്തച്ചുവടിനുശേഷം ഭഗവതിയുടെ പഞ്ചലോഹ തിടമ്പുവെച്ച കോലത്തോടെ പൂരം ആചാരപൂർവം കൊട്ടിപ്പുറപ്പെട്ടു. വടക്കെ ബലിക്കൽപ്പുരയിൽ പാനേങ്കളിസംഘം നൃത്തംവെച്ച് കുമ്പിട്ടു. ഗുരുവായൂർ ജൂനിയർ വിഷ്ണു എന്ന ഗജവീരന്റെ പുറത്ത് തിടമ്പുവെച്ച കോലം കയറ്റിവെച്ചു. കോമരങ്ങൾ 'ഹിയ്യോ' വിളിച്ച് കുമ്പിട്ട് തൊഴുതു. തിടമ്പേറ്റേണ്ട ഗീതാഞ്ജലി വിഘ്നേശ്വരൻ എന്ന ആന സമ്മതിക്കാതെ വന്നതോടെയാണ് ഗുരുവായൂർ ജൂനിയർ വിഷ്ണു തിടമ്പേറ്റിയത്.

ക്ഷേത്രം വലംവെച്ച് നീങ്ങി ആദ്യ ആറാട്ടിനായി എഴുന്നള്ളിപ്പ് വടക്കെ നട ഇറങ്ങി. മേൽശാന്തി പന്തലക്കോട്ടത്ത് ദാമോദരൻ നമ്പൂതിരി നേതൃത്വം നൽകി. മഞ്ഞളിലും കുങ്കുമത്തിലും ആറാടിയ ഭഗവതിയെ കാണാൻ ആളുകൾ നിറഞ്ഞു. ആറാട്ടുകടവിൽ ബ്രാഹ്മണിപ്പാട്ടും കേളിയും കൊമ്പു പറ്റും പശ്ചാത്തലമായി.

ആറാട്ട് കഴിഞ്ഞ് 11.30-ന് കൊട്ടിക്കയറ്റം നടന്നു. തിരുമുറ്റത്ത് ചെറുശ്ശേരി കുട്ടന്മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം. രാത്രി പനമണ്ണ ശശിയും കല്ലൂർ ഉണ്ണികൃഷ്ണനും ചേർന്നവതരിപ്പിച്ച ഇരട്ടത്തായമ്പകയും ആറാട്ടുകടവിൽ അങ്ങാടിപ്പുറം രഞ്ജിത്തിന്റെ തായമ്പകയുമുണ്ടായി.