അങ്ങാടിപ്പുറം: ആചാരപഴമയിൽ തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ മൂന്നാംപൂരം കൊടിയേറി. ഭഗവതിക്ക് വടക്കെനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കെനടയിലെ സ്വർണക്കൊടിമരത്തിലും കൊടി ഉയർന്നു. ദീപാരാധനയ്ക്കുശേഷം രാത്രി ഏഴിനു കൊടിമരച്ചുവട്ടിലെ പ്രത്യേക താന്ത്രിക കർമങ്ങൾക്ക് ശേഷമായിരുന്നു കൊടിയേറ്റം.

മറ്റ് ക്ഷേത്രങ്ങളിൽ കൊടിയേറ്റത്തോടെ ഉത്സവം ആരംഭിക്കുമ്പോൾ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പുറപ്പാടിന് ശേഷം മൂന്നാംപൂരത്തിനാണ് കൊടിയേറ്റം. വടക്കെനടയിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി ഭഗവതിയുടെ സ്വർണക്കൊടിമരത്തിലും കിഴക്കെനടയിൽ മേൽശാന്തി പന്തലക്കോട്ടത്ത് ശ്രീനാഥ് നമ്പൂതിരി മഹാദേവന്റെ കൊടിമരത്തിലും കൊടിക്കൂറകൾ ഉയർത്തി.

കൊടിക്കൂറകൾ ദർശിച്ച് ഭക്തർ നാമമരുവിട്ട് തൊഴുതു. തുടർന്ന് അഷ്ടദിക്പാലകന്മാർക്കായി പ്രധാനയിടങ്ങളിലും കൊടിക്കൂറകൾ സ്ഥാപിച്ചു. കൊടിയേറ്റത്തോടെ 'പടഹാദി'മുറയിൽനിന്ന് പൂരച്ചടങ്ങുകൾ 'ധ്വജാദി' മുറയിലേക്ക് കടന്നു. മൂന്നാംപൂരത്തിന് പതിവ് പൂരച്ചടങ്ങുകളോടെ അഞ്ചാമത്തെയും ആറാമത്തെയും ആറാട്ടെഴുന്നള്ളിപ്പുകൾ നടന്നു. വെള്ളിയാഴ്ച നാലാംപൂരത്തിന് പൂരം മുളയിടൽ ചടങ്ങ് നടക്കും.