കൊച്ചി: ലോകത്തിന്റെ പാപങ്ങൾ തോളിലേറ്റി കുരിശുമരണം വരിച്ച യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയിൽ ക്രൈസ്തവർ ഈസ്റ്റർ ആഘോത്തിൽ. ദേവാലയങ്ങളിൽ ശുശ്രൂഷകൾ, ദിവ്യബലി, കുർബാന, തിരുകർമങ്ങൾ എന്നിവ നടന്നു. സ്നേഹത്തിന്റെയും പുതുപ്രതീക്ഷകളുടെയും ആഘോഷംകൂടിയായ ഈസ്റ്റർ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് ക്രൈസ്തവർ ആചരിക്കുന്നത്.

ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസനാപ്പിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ ഈസ്റ്റർ സന്ദേശം നൽകി. റഷ്യൻ ആക്രമണം നേരിടുന്ന യുക്രെയ്‌നെയും അവിടത്തെ ജനതയെയും രക്തസാക്ഷികൾ എന്ന് മാർപ്പാപ്പ വിശേഷിപ്പിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലക്കയിൽ നടന്ന ഈസ്റ്റർദിന ശുശ്രൂഷകൾക്ക് മാർപ്പാപ്പ നേതൃത്വം നൽകി. കേരളത്തിലും വിപുലമായ ചടങ്ങുകളാണ് നടന്നത്.

ലോകത്തിന്റെ പാപങ്ങൾ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച യേശുദേവൻ മൂന്നാംനാൾ ഉയർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കലാണ് ഈസ്റ്റർ. 51 ദിവസത്തെ നോമ്പാചാരണത്തിന്റെ വിശുദ്ധിയോടെയാണ് സ്നേഹത്തിന്റെയും പ്രത്യാശയുടേയും തിരുനാളായ ഈസ്റ്റർ വിശ്വാസികൾ ആഘോഷിക്കുന്നത്. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. അപരനെ സ്‌നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർഥ സന്ദേശം.

സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു. ഒത്തൊരുമയോടെ ഈ ഈസ്റ്റർ ദിനം ആഘോഷിക്കുകയാണ് കേരളത്തിലും. ഈസ്റ്ററിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളിൽ ശുശ്രൂഷകളും പ്രാർത്ഥനയും നടന്നു. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണയിൽ വിശ്വാസികൾ നടത്തിയ ഒരാഴ്ചത്തെ ചടങ്ങുകൾക്കാണ് ഉയർപ്പുതിരുനാളോടെ സമാപനമാകുന്നത്. ക്രൈസ്തവ ഭവനങ്ങളിൽ പ്രത്യേക വിഭവങ്ങൾ ഒരുക്കി കുടുംബസംഗമങ്ങളും വിരുന്നുകളും സംഘടിപ്പിക്കുന്ന ദിനം കൂടിയാണ് ഈസ്റ്റർ.

പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകി. നിരാശ പരത്തുന്ന കാര്യങ്ങളാണ് ചുറ്റും കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് പ്രത്യാശയുടെ പ്രകാശവുമായി ഈസ്റ്റർ സന്ദേശം മനസുകളിലേക്ക് എത്തുന്നതെന്നും ബിഷപ്പ് പറഞ്ഞു. കെ.ആർ. പുരം സെയ്ന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരി ഫാ. എം.യു. പൗലോസ് കാർമികനായി.

ആദ്യ നൂറ്റാണ്ടിൽ റോമിലെ ക്രിസ്ത്യാനികൾ ഈസ്റ്റർ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിൽ പാസ്‌ക്ക എന്ന പേരിൽ ഈസ്റ്റർ ആചരിച്ചിരുന്നു. പാസ്‌ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തിൽ നിന്നാണ് ഉരുവായത്. ഈ പാസ്‌ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതൽ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി.