- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ : കൈതപ്രം യജ്ഞ ഭൂമിയിൽ ആറ് ദിവസമായി രാപ്പകൽ ഭേദമില്ലാതെ നടന്നു വന്ന യാഗ കർമ്മങ്ങൾക്കും വേദഘോഷ ഹോമാദികൾക്കും പരിസമാപ്തി കുറിച്ച് കൊണ്ട് തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി യാഗശാല അഗ്നിക്ക് സമർപ്പിച്ചു. ചുറ്റും നിറഞ്ഞ് നിന്ന പതിനായിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന നാമജപ ഘോഷം യാഗഭൂമിയെ ഭക്തി സാന്ദ്രമാക്കി.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മുതൽ അവസാന ദിവസമായ വെള്ളിയാഴ്ച ഉച്ചവരെ ഇടതടവില്ലാതെ നടന്ന യാഗ ക്രിയകൾക്ക് ശേഷം ഹോമകുണ്ഡത്തിൽ ദേവന്മാർക്കും ദേവഗണങ്ങൾക്കും സോമരസം ഹോമിച്ചു കൊണ്ടുള്ള സോമാഹൂതിയോടെ മഹാഹോമം നടന്നു. മുഖ്യാചാര്യൻ ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട് യജമാനനെ സോമയാജിപ്പാട് എന്ന സ്ഥാനപ്പേര് ചൊല്ലി വിളിച്ചു. തുടർന്ന് ഉദയനീയേഷ്ടി, മൈത്രാ വരുണേഷ്ടി എന്നീ ഇഷ്ടികൾക്കു ശേഷം സക്തു ഹോമം നടന്നു. തുടർന്ന് ആറ് ദിവസമായി കുളിപോലും ഉപേക്ഷിച്ച് തീവ്രവ്രതത്തിൽ കഴിഞ്ഞ യജമാനനും ഒപ്പം ഋത്വിക്കുകളും പരികർമ്മികളും വൈദികരും ചേർന്ന് വാസുദേവപുരം ക്ഷേത്രക്കുളത്തിൽ അവഭൃതസ്നാനം നടന്നു.
തിരിച്ച് യാഗശാലയിലെത്തിയ യജമാനൻ യാഗകർമ്മാദികളിൽ എന്തെങ്കിലും ലോപം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള പ്രായശ്ചിത്ത കർമ്മങ്ങൾ നടത്തി. ക്രിയാ ദക്ഷിണക്ക് ശേഷം മൂന്ന് ഹോമകുണ്ഡങ്ങളിൽ നിന്നുള്ള അഗ്നിയെ മൂന്ന് മൺകലത്തിലേക്ക് ആവാഹിച്ചെടുത്ത് ത്രേദാഗ്നിയുമായി യജമാനനും പത്നിയും ഭൂസ്പർശത്തോടെ കൊമ്പങ്കുളത്തില്ലത്തേക്ക് മടങ്ങി. തുടർന്നാണ് അന്തരീക്ഷമാകെ മുഴങ്ങുന്ന നാമജപ ഘോഷത്തോടെ യാഗശാല അഗ്നിക്കായി സമർപ്പിച്ചത്.