പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ വൈകിട്ട് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.ജയരാമൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി പകരും. മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറക്കും. നാളെ പ്രത്യേക പൂജകളില്ല.

16ന് രാവിലെ 4.30ന് ദേവനെ പള്ളിയുണർത്തും. 5ന് നടതുറക്കും, 5.30 മുതൽ മഹാഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവയും 7.30 മുതൽ ഉഷഃപൂജ, ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവയും നടക്കും. മാളികപ്പുറം ക്ഷേത്രത്തിൽ 16 മുതൽ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ഭഗവതിസേവ നടക്കും. പൂജകൾ പൂർത്തിയാക്കി 20ന് രാത്രി 10ന് പാടി നടയടയ്ക്കും.

വെർച്വൽ ക്യൂ ബുക്കിംഗിലൂടെയും നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗിലൂടെയും സന്നിധാനത്തെത്താം. സ്പോട്ട് ബുക്കിംഗിന് തിരിച്ചറിയൽ രേഖ കരുതണം. പമ്പയിൽ നിന്ന് കെട്ടുമുറുക്കാനുള്ള സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ട്രെയിനിൽ എത്തുന്നവർക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സൗകര്യവുമുണ്ട്.