കൊട്ടിയൂർ: ഇന്ന് നടക്കുന്ന തൃക്കലശാട്ടോടെ കൊട്ടിയൂർ വൈശാഖോത്സവം സമാപിക്കും. രാവിലെ നടക്കുന്ന കലശാഭിഷേകത്തിന് മുൻപേ മുളന്തണ്ടും ഞെട്ടിപ്പനയോലയും കൊണ്ട് നിർമ്മിച്ച പെരുമാളുടെ ശ്രീകോവിൽ പിഴുതെടുത്ത് പടിഞ്ഞാറെ നടയ്ക്ക് കുറുകെ തിരുവഞ്ചിറയിൽ ഉപേക്ഷിക്കും. തുടർന്ന് കലശാഭിഷേകം നടക്കും.

ചൊവ്വാഴ്ച അവസാനത്തെ ചതുശ്ശതമായ അത്തം ചതുശ്ശതം (വലിയവട്ടളം പായസം) നിവേദിച്ചു. ദേവസ്വം വകയായിരുന്നു പായസനിവേദ്യം. ഉച്ചശീവേലിയുടെ മധ്യത്തിൽ വാളാട്ടം നടന്നു. ഏഴില്ലക്കാർ വിഗ്രഹത്തിൽനിന്ന് ഉത്സവകാലത്തുകൊട്ടിയൂരിലെത്തിച്ച ദേവതകളെയെല്ലാം തിരികെ ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്നതാണ് വാളാട്ടം.

വാളാട്ടത്തിനുശേഷം കുടിപതികളുടെ തേങ്ങയേറും നടന്നു. അമ്മാറക്കൽ തറയ്ക്കും പൂവറയ്ക്കും നടുവിലെ തിരുവഞ്ചിറയുടെ ഇടുങ്ങിയ ഭാഗത്തുനിന്നാണ് വടക്കുദിക്കിലേക്ക് നോക്കി തേങ്ങയേറ് നടത്തിയത്. കൂത്ത് സമർപ്പണവും നടന്നു. ആയിരം കുടം ജലാഭിഷേകത്തോടെ ഉത്സവച്ചിട്ടകൾ പൂർത്തിയായി.