- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്യാഗ-സഹന സ്മരണയിൽ വിശ്വാസികൾ; കേരളത്തിൽ ഇന്ന് ബലിപ്പെരുന്നാൾ ആഘോഷം: ഹജ്ജ് ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്
കോഴിക്കോട്: ത്യാഗ-സഹന സ്മരണയിൽ വിശ്വാസികൾക്ക് ഇന്ന് ബലിപ്പെരുന്നാൾ. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായീൽ നബിയുടെയും ത്യാഗപൂർണമായ ജീവിതവും അല്ലാഹുവിലേക്കുള്ള സമർപ്പണവുമാണ് ബലിപ്പെരുന്നാൾ നൽകുന്ന സന്ദേശം. ഹജ് കർമത്തിന്റെ പരിസമാപ്തി കൂടിയാണ് പെരുന്നാൾ. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു പെരുന്നാൾ ആഘോഷം.
കണ്ണീരു കൊണ്ടു സ്വയം ശുദ്ധമാക്കി, നാഥനു മുന്നിൽ സമർപ്പണത്തിന്റെ പൂർണതയുമായാണ് ഓരോ വിശ്വാസിയും പെരുന്നാൾ ആഘോഷിക്കുന്നത്. പ്രവാചകന്റെ ത്യാഗത്തെ വാഴ്‌ത്തുന്ന ദിവസം കൂടിയാണ്. ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായ ബലിപ്പെരുന്നാളിൽ തക്‌ബീറുകൾ ചൊല്ലി പ്രാർത്ഥനകളിൽ സജീവമാകും. പെരുന്നാൾ നമസ്‌കാരാനന്തരം വിശ്വാസികൾ കൂട്ടായും ഒറ്റയ്ക്കും ബലികർമങ്ങളിൽ ഏർപ്പെടും.രാവിലെ പെരുന്നാൾ നമസ്‌കാരം. തുടർന്ന് സ്നേഹാശംകൾ കൈമാറി ഊഷ്മ ളമായ വലിയപെരുന്നാൾ ആഘോഷത്തിലേക്ക് വിശ്വാസികൾ കടക്കും.
പുതു വസ്ത്രമണിഞ്ഞുള്ള കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലിനും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധു വീടുകളിലെ സമാഗമങ്ങളും ഈ ദിവസത്തെ ആഘോഷമാക്കി മാറ്റും. ഈ ആഘോഷങ്ങൾക്കിടയിലും ത്യാഗത്തിനും പരസ്പര സ്നേഹത്തിനും സഹാനുഭൂതിക്കും എല്ലാവരും ഊന്നൽ നൽകണമെന്ന വലിയ സന്ദേശമാണ് ലോകത്തോട് ബലിപ്പെരുന്നാൾ ആഹ്വാനം ചെയ്യുന്നത്.
പെരുന്നാൾ ആഘോഷിച്ച് ഹജ് തീർത്ഥാടകർ
മക്ക: ഇക്കൊല്ലത്തെ ഹജ് ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്. ഇന്നലെ മിനായിലെ ജംറയിൽ ആദ്യത്തെ കല്ലേറ് കർമം പൂർത്തിയാക്കിയ തീർത്ഥാടകർ മക്കയിൽ എത്തി കഅബ പ്രദക്ഷിണം നിർവഹിച്ചു. തുടർന്ന് ഇഹ്‌റാം വസ്ത്രം മാറി പുതുവസ്ത്രങ്ങൾ അണിഞ്ഞ് ബലിപ്പെരുന്നാൾ ആഘോഷിച്ചു. ശേഷം തിരികെ മിനായിൽ എത്തി. ഇന്നും നാളെയും ഇവിടെ താമസിച്ച് കല്ലേറു കർമം പൂർത്തിയാക്കി, കഅബയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നിർവഹിക്കുന്നതോടെ ഹജ്ജിനു സമാപനമാകും.
ആദ്യ ദിവസത്തെ കല്ലേറു കർമം ഇന്ത്യൻ തീർത്ഥാടകർ സുഗമമായി നിർവഹിച്ചതായി ഹജ് കോൺസൽ മുഹമ്മദ് ജലീൽ പറഞ്ഞു. 150 രാജ്യങ്ങളിൽനിന്നുള്ള 18,45,045 പേരാണ് ഇത്തവണ ഹജ് നിർവഹിച്ചത്. ഇന്ത്യയിൽനിന്ന് 1,75,025 പേർക്കാണ് അവസരം ലഭിച്ചത്. കേരളത്തിൽനിന്ന് എത്തിയത് 11,252 തീർത്ഥാടകരും.