തിരുവനന്തപുരം: നിറപുത്തിരി ഉത്സവത്തിനായി ശബരിമല ധർമശാസ്താ ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. വ്യാഴാഴ്ച പുലർച്ചെ 5.45-നും 6.15-നും മധ്യേ നിറപുത്തിരി ചടങ്ങുകൾ നടക്കും.

നിറപുത്തിരിക്ക് എത്തിക്കുന്ന നെൽക്കതിരുകൾ പുലർച്ചെ പതിനെട്ടാംപടിയിൽ സ്വീകരിച്ചശേഷം തന്ത്രി കണ്ഠര് രാജീവര് നെൽക്കതിരുകൾ പൂജിച്ച് ശ്രീകോവിനുള്ളിലെത്തിച്ച് പ്രത്യേക പൂജനടത്തും. തുടർന്ന് നടതുറന്ന് നെൽക്കതിരുകൾ ശ്രീകോവിലിനു മുൻപിൽ കെട്ടിയിടും. ചടങ്ങുകൾ പൂർത്തിയാക്കി രാത്രി പത്തിന് നടയടയ്ക്കും.

ചിങ്ങമാസ പൂജകൾക്കായി 16-ന് നടതുറക്കും. 21-ന് രാത്രി പൂജകൾ പൂർത്തിയാക്കി അടയ്ക്കും. ഓണം നാളുകളിലെ പൂജകൾക്ക് 27-നാണ് തുറക്കുക. 31-ന് അടയ്ക്കും. ഓണത്തിന് ശബരിമലയിലെത്തുന്ന ഭക്തർക്ക് ഓണസദ്യയും ഒരുക്കുന്നുണ്ട്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർക്കാണ് ദർശനം അനുവദിക്കുക. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യവും ഉണ്ടാകും.