തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ ദർശന രീതിയിൽ മാറ്റം വരുന്നു. അതും വിശ്വാസികളുടെ ആഗ്രഹം മാനിച്ച്. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് ഇനി പത്മനാഭന്റെ പാദം ആദ്യം വണങ്ങാം. ഒരു സമയം രണ്ടു ദിശകളിൽ ഭക്തർ സഞ്ചരിക്കുന്നത് ഇനിയുണ്ടാകില്ല. ചിങ്ങ മാസം ഒന്നു മുതലാണ് ദർശന ക്രമത്തിലെ മാറ്റം.

കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ പ്രതിഷ്ഠകളും വണങ്ങാനുള്ള സൗകര്യം ഇതോടെ ഉണ്ടാകുമെന്നാണ് ക്ഷേത്ര ഭരണസമിതി വിശദീകരിക്കുന്നത്. തന്ത്രി തരണനല്ലൂർ എൻ.പി. ഗോവിന്ദൻ നമ്പൂതിരിപ്പാട്, തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് മാറ്റം. നാലു ദിക്കുകളിലൂടെയും ഭക്തർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാം. ശേഷം വലത്തേക്കു തിരിഞ്ഞ് അലങ്കാര, അഭിശ്രവണ മണ്ഡപങ്ങൾക്കിടയിലൂടെ ആലുവിളക്ക് ചുറ്റി ശ്രീകോവിലിൽ പ്രവേശിക്കാം.

ആദ്യം ശ്രീരാമ സ്വാമിയുടെ ദർശനം. തുടർന്ന് വിശ്വക് സേനനെ തൊഴുത ശേഷം ശ്രീപത്മനാഭന്റെ പാദം വണങ്ങി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം. ശിരസ്സ് ഭാഗം തൊഴുത് തെക്കേ നടയിലൂടെ നരസിംഹ മൂർത്തിയെ വണങ്ങി വടക്കേനട വഴി പുറത്തിറങ്ങുന്നതാണ് പുതിയ രീതി. നരസിംഹ മൂർത്തിയെ വണങ്ങിയ ശേഷം ഒറ്റക്കൽ മണ്ഡപത്തിൽ കയറി വടക്കുഭാഗം വഴി പുറത്തിറങ്ങുന്നതാണ് നിലവിലെ രീതി.

വർഷങ്ങളായി ഇതായിരുന്നു പതിവ്. എന്നാൽ ഇതുകാരണം ഭക്തർക്ക് പ്രദക്ഷിണം ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. ഇത് പരിഗണിച്ചാണ് മാറ്റം. അർച്ചന, പ്രസാദം തുടങ്ങിയവ പുറകിലുള്ള മണ്ഡപത്തിൽ വിതരണം ചെയ്യാനുമാണ് ഭരണസമിതിയുടെ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്‌കാരത്തിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്ന് എക്‌സിക്യൂട്ടീവ് ഓഫിസർ ബി. മഹേഷ് അറിയിച്ചു.

ശ്രീ പത്മനാഭസ്വാമിയുടെ അനന്ത ശയന രൂപത്തിലുള്ള ചിത്രം ആലേഖനം ചെയ്ത സ്വർണ നാണയങ്ങൾ പുറത്തിറക്കാനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. ഒരു ഗ്രാം, രണ്ട് ഗ്രാം, അറ പവൻ, ഒരു പവൻ വരുന്ന നാണയങ്ങളാണ് പുറത്തിറക്കുന്നത്. കാണിക്കയായും നേർച്ചയായും ലഭിച്ച സ്വർണാഭരണങ്ങൾ ഉരുക്കിയാണ് നാണയങ്ങൾ നിർമ്മിച്ചത്. അതതു ദിവസത്തെ വിപണി വിലയെ ആശ്രയിച്ചാണ് നാണയത്തിന് വില ഈടാക്കുക. ഇതും ചിങ്ങമാസത്തിൽ വിൽപ്പനയ്‌ക്കെത്തും.