കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഞായറാഴ്ച മുതൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാനക്രമം നടപ്പിലാക്കണമെന്ന് മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിന്റെ അന്ത്യശാസന. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അന്ത്യശാസന നൽകി. എന്തെങ്കിലും കാരണത്താൽ സിനഡ് കുർബാന അർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, അതിന് അനുയോജ്യമായ സാഹചര്യം ഉണ്ടെന്ന് ഉറപ്പാക്കും വരെ പൊതുജനങ്ങൾക്കായി കുർബാന അർപ്പിക്കാൻ പാടില്ല. ഈ നിർദേശത്തിനെതിരേയുള്ള ഏത് നീക്കത്തെയും മാർപാപ്പയ്‌ക്കെതിരായുള്ള മനഃപൂർവവും കുറ്റകരവുമായ അനുസരണക്കേടായി പരിഗണിക്കുമെന്നും അതിരൂപതയ്ക്കായി മാർ സിറിൽ വാസിൽ നൽകിയ കത്തിൽ പറയുന്നു.

തനിക്ക് രൂപതയിലെ വിവിധ ഭാഗങ്ങളിൽനിന്നു കിട്ടിയ അപേക്ഷകളും നിവേദനങ്ങളും പരിഗണിച്ചും ശരിയായ പഠനത്തിനും പ്രാർത്ഥനയ്ക്കും വത്തിക്കാന്റെ കീഴിലുള്ള കോംപീറ്റന്റ് സമിതികളുമായുള്ള ചർച്ചയ്ക്കും ശേഷമാണ് നിർദ്ദേശം പുറത്തിറക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം, കുർബാന അർപ്പണം സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ 2022 മാർച്ച് 25-ന് അതിരൂപതയിലെ എല്ലാവർക്കുമായി എഴുതിയ കത്ത് എല്ലാ ഇടവക പള്ളികളിലും എല്ലാ കുരിശുപള്ളികളിലും കുർബാന അർപ്പിക്കപ്പെടുന്ന ഇതര സ്ഥാപനങ്ങളിലും 20-ന് വിശ്വാസികൾക്കായി വായിക്കണം. ഈ ഉത്തരവ് നടപ്പിലാക്കിയ ശേഷം, മാർപാപ്പയുടെ കത്ത് വായിച്ചതായി സ്ഥിരീകരിച്ച് ഇടവക വികാരി, അസിസ്റ്റന്റ് വികാരിമാർ ഉണ്ടെങ്കിൽ അവർ, കൈക്കാരന്മാർ, വൈസ് ചെയർമാൻ, സെക്രട്ടറി അല്ലെങ്കിൽ പാരിഷ് കൗൺസിലിലെ രണ്ട് പ്രതിനിധികൾ എന്നിവർ സാക്ഷ്യപ്പെടുത്തി അതിരൂപത കൂരിയാ ചാൻസലർക്ക് അയയ്ക്കുകയും വേണം. മറ്റിടങ്ങളിൽ, സ്ഥാപനത്തിന്റെ അധികാരി അതിരൂപതാ കൂരിയയ്ക്ക് റിപ്പോർട്ട് അയയ്‌ക്കേണ്ടതാണ്.

എല്ലാ ആരാധന-ശുശ്രൂഷ വേളകളിലും മാർപാപ്പയെയും മേജർ ആർച്ച് ബിഷപ്പിനെയും അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററെയും അനുസ്മരിക്കണമെന്നും കത്തിലുണ്ട്.