കൊച്ചി: ഞായാറാഴ്ച മുതൽ എറണാകുളം അതിരൂപതയിൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന മാത്രമേ അർപ്പിക്കാവൂ എന്ന മാർപാപ്പയുടെ പ്രതിനിധി മാർ സിറിൾ വാസിലിന്റെ നിർദ്ദേശം നടപ്പിലായില്ല. ഭൂരിഭാഗം പള്ളികളിലും നിലവിലുള്ള ജനാഭിമുഖ കുർബാന തുടർന്നു. അതിരൂപതയിലെ 328 പള്ളികളിൽ ഏഴു പള്ളികളിൽ മാത്രമാണ് സിനഡ് നിർദ്ദേശം അനുസരിച്ചുള്ള കുർബാന അർപ്പിച്ചത്. നേരത്തേ മുതൽ സിനഡ് കുർബാന നടക്കുന്ന തോപ്പിൽ, കുസാറ്റ് എന്നീ പള്ളികൾക്കു പുറമേ കാക്കനാട്, താന്നിപ്പുഴ, ഫോർട്ട്‌കൊച്ചി, മരുത്തോർവട്ടം, മൂക്കന്നൂർ, കോക്കുന്ന് എന്നിവിടങ്ങളിലാണ് ഏകീകൃത കുർബാന അർപ്പിച്ചത്. പല പള്ളികളിലും പ്രതിഷേധത്തെ തുടർന്ന് കുർബാന മുടങ്ങി.

എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക ഉൾപ്പെടെ എട്ട് പള്ളികളിൽ സിനഡ് കുർബാന അർപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് നടന്നില്ല. പറവൂർ, മഞ്ഞപ്ര, എഴുപുന്ന, നടുവട്ടം, കീഴ്മാട്, എടനാട് പള്ളികളിൽ വികാരിമാർ ഏകീകൃത ബലിയർപ്പണത്തിനായി അൾത്താരയിലെത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് കുർബാന മുടങ്ങി. കോക്കുന്ന് പള്ളിയിൽ ഏകീകൃത കുർബാനയ്ക്ക് മുൻപ് തർക്കങ്ങളുണ്ടായി. തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളിയിൽ സിനഡ് കുർബാന നടപ്പിലാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും വൈദികൻ സമ്മതിക്കാത്തതിനാൽ കുർബാന നടന്നില്ല. പ്രതിഷേധമുണ്ടാകുമെന്ന സൂചനയിൽ വടയാർ ഉണ്ണിമിശിഹാ പള്ളിയിൽ ഞായറാഴ്ച കുർബാന വേണ്ടന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

പറവൂർ പള്ളിയിൽ സിനഡ് കുർബാനയ്ക്ക് വികാരി ശ്രമിച്ചെങ്കിലും ആളുകൾ തടഞ്ഞു. ഇതോടെ ഇനിയൊരു അറിയിപ്പുണ്ടാകുംവരെ കുർബാന ഉണ്ടാകില്ലെന്ന് വികാരി അറിയിച്ചു. മഞ്ഞപ്ര പള്ളിയിൽ സിനഡ് കുർബാന അർപ്പിക്കാൻ വൈദികൻ അൾത്താരയിലെത്തിയെങ്കിലും ഒരു വിഭാഗം പ്രതിഷേധവുമായി വന്നു. മാർപാപ്പയുടെ നിർദ്ദേശം അവഗണിക്കാനാവില്ലെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാർ വഴങ്ങിയില്ല. തുടർന്ന് കുർബാന അർപ്പണം മുടങ്ങി.

എറണാകുളം അതിരൂപതയ്ക്ക് കഴിഞ്ഞവർഷം മാർച്ചിൽ മാർപാപ്പ നൽകിയ കത്ത് കുർബാന നടന്ന ഒട്ടുമിക്ക പള്ളികളിലും വായിച്ചു. സിനഡ് കുർബാന അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരായി അതിരൂപതയിലെ വൈദികർ തയാറാക്കിയ കത്ത് വായിച്ച ശേഷമാണ് പലയിടത്തും മാർപാപ്പയുടെ കത്ത് വായിച്ചത്. ചില പള്ളികളിൽ മാർപാപ്പയുടെ കത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് വായിച്ചത്. സാധാരണ ഇതിന്റെ മലയാള പരിഭാഷയാണ് വായിക്കാറുള്ളത്.

കുർബാനക്രമ പ്രശ്‌നത്തിൽ പരിഹാരം കാണാനെത്തിയ മാർപാപ്പയുടെ പ്രതിനിധി മാർ സിറിൽ വാസിലാണ് സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന ഞായറാഴ്ച മുതൽ നിർബന്ധമാക്കിയത്. മാർപാപ്പയുടെ പ്രതിനിധിയുടെ കൽപ്പന ലംഘിക്കുന്നത് മാർപാപ്പയെ ധിക്കരിക്കുന്നതിനു തുല്യമാണെന്നും എല്ലാ വൈദികരും സിനഡ് കുർബാന അർപ്പിക്കണമെന്നും ആവശ്യപ്പെട്ട് അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തും ശനിയാഴ്ച വൈകിട്ട് കത്ത് പുറത്തിറക്കിയിരുന്നു. എന്നാൽ ഇതെല്ലാം ഭൂരിഭാഗം വൈദികരും അവഗണിച്ചു.

കുർബാന മുടങ്ങിയ പള്ളികളിൽ ഞായറാഴ്ചത്തെ വേദപാഠവും മുടങ്ങി.കഴിഞ്ഞ വർഷം മാർച്ചിൽ മാർപാപ്പ അതിരൂപതയ്ക്കായി പുറത്തിറക്കിയ ഇടയലേഖനം എല്ലാ പള്ളികളിലും വായിക്കണമെന്നും കുർബാന മധ്യേ മേലധ്യക്ഷന്മാരുടെ പേര് അനുസ്മരിക്കണമെന്നും നിർദേശമുണ്ടായിരുന്നു. മാർപാപ്പയുടെ കത്തിന്റെ പകർപ്പും ഏകീകൃത കുർബാന ചൊല്ലണമെന്ന നിർദേശവുമടങ്ങിയ രജിസ്ട്രേഡ് കത്ത് എല്ലാ വൈദികർക്കും അയച്ചിരുന്നു. മാർ സിറിൽ വാസിലിന്റെ നിർദ്ദേശം ലംഘിക്കപ്പെട്ട സാഹചര്യത്തിൽ അതിരൂപതയിൽ തുടർ നടപടികൾക്ക് സാധ്യതയുണ്ട്.