ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് വിശേഷ നിവേദ്യത്തോടെ തൃപ്പുത്തിരി. ഇന്ന് നടക്കുന്ന തൃപ്പുത്തിരിക്ക് പായസം ശീട്ടാക്കാൻ പതിവിലേറെ തിരക്കായിരുന്നു്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പ്രത്യേക കൗണ്ടറുകൾ തുറക്കുന്നതിന് വളരെ മുൻപുതന്നെ ഭക്തരുടെ നീണ്ടനിര തുടങ്ങി. തൃപ്പുത്തിരിക്കായി 2,64,000 രൂപയുടെ ശീട്ട് വിതരണം ചെയ്തു.

ബുധനാഴ്ച പുലർച്ചെ രണ്ടിന് കീഴ്ശാന്തിക്കാർ പായസം തയ്യാറാക്കാൻ തുടങ്ങും. ഉച്ചപ്പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിക്കും. പായസത്തോടൊപ്പം ഉപ്പുമാങ്ങയും പത്തിലക്കറിയും പുത്തരിച്ചുണ്ട ഉപ്പേരിയും നെയ്യപ്പവും പഴംനുറുക്കും വിശേഷവിഭവങ്ങളാകും. തന്ത്രി ഉച്ചപ്പൂജ നിർവഹിക്കും. ഉച്ചപ്പൂജ കഴിഞ്ഞയുടനെ പുത്തരിനിവേദ്യം പരിവാരദേവതകൾക്ക് സമർപ്പിക്കാൻ ശീവേലിയും ഉണ്ടാകും.

നിവേദ്യത്തിനുള്ള ഉപ്പുമാങ്ങ നൽകുന്നത് അവകാശികളായ പുതിയേടത്ത് പിഷാരത്തുനിന്നാണ്. അരനൂറ്റാണ്ടോളമായി ഉപ്പുമാങ്ങ തയ്യാറാക്കുന്നത് നാരായണിക്കുട്ടി പിഷാരസ്യാരും മകൻ ക്ഷേത്രം കഴകക്കാരനായ ആനന്ദനുമാണ്. പുത്തരിച്ചുണ്ടയും പത്തിലകളും പായസഉരുളി ചുറ്റാനുള്ള ഉഴിഞ്ഞവള്ളിയും നൽകുന്നത് അവകാശിയായ മനയത്ത് കൃഷ്ണകുമാറാണ്. നിവേദ്യത്തിനും പായസത്തിനും അപ്പത്തിനും പുന്നെല്ലരി കുത്തി തയ്യാറാക്കിയത് അവകാശികളായ 21 കുടുംബങ്ങളിലെ അമ്മമാരാണ്. ഉരലിൽ കുത്തിയെടുത്ത എഴുപതോളം പറ അരി ബുധനാഴ്ച പുലർച്ചെ തലച്ചുമടായി ഉരപ്പുര അമ്മമാർത്തന്നെ ക്ഷേത്രത്തിലെത്തിക്കും.