കൊച്ചി: ഒരു കുടുംബത്തിലെ ജ്യേഷ്ഠനും അനുജനും മെത്രാന്മാർ. സിറോ മലബാർ സഭയിലാണ് ആദ്യമായി ഒരു കുടുംബത്തിൽനിന്ന് രണ്ട് പേർ മെത്രാന്മാരായിരിക്കുന്നത്. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ ജ്യേഷ്ഠനാണ് ഗോരഖ്പുർ നിയുക്ത മെത്രാനായി ചുമതലയേറ്റിരിക്കുന്ന ഫാ. മാത്യു നെല്ലിക്കുന്നേൽ. ഇടുക്കി മരിയാപുരം നെല്ലിക്കുന്നേൽ കുടുംബാംഗങ്ങളാണ് ഇരുവരും.

കുടുബത്തിലെത്തിയ പുതു സന്തോഷത്തിനിടയിലും സഭ ഞങ്ങളെ രണ്ടു പേരേയും ഈ ദൗത്യത്തിനായി നിയോഗിച്ചത് ദൈവിക നിയോഗമായാണ് കാണുന്നതെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഫാ. മാത്യു നെല്ലിക്കുന്നേൽ ഹൈസ്‌കൂൾ പഠനത്തിനുശേഷം സി.എസ്.ടി. സന്ന്യാസസമൂഹത്തിന്റെ പഞ്ചാബ്-രാജസ്ഥാൻ പ്രോവിൻസിൽ ചേരുകയായിരുന്നു. തുടർന്ന് ഗോരഖ്പുരിലുള്ള മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. 1990-ൽ ആദ്യവ്രതംചെയ്ത അദ്ദേഹം 1996-ൽ നിത്യവ്രതവാഗ്ദാനം നടത്തി.

1998 ഡിസംബർ 30-ന് കോതമംഗലം രൂപതയുടെ മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിലിൽനിന്നാണ് ഇരുവരും പൗരോഹിത്യം സ്വീകരിച്ചത്. 2018 ഏപ്രിൽ ആറിന് ഇടുക്കി രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോൺ നെല്ലിക്കുന്നേൽ അഭിഷിക്തനായി.അഞ്ചു വർഷങ്ങൾക്കിപ്പുറം ജ്യേഷ്ഠ സഹോദരൻ ഫാ. മാത്യു നെല്ലിക്കുന്നേലും മെത്രാനായി നിയമിതനായി. ഏറ്റെടുക്കുന്നത് വലിയ ഇടയ ദൗത്യമാണെന്നും കത്തോലിക്കാ സഭയോടും മാർപാപ്പയോടും സിറോ മലബാർ സഭാ തലവനോടും മറ്റ് മെത്രാന്മാരോടും കടപ്പെട്ടിരിക്കുന്നതായി നിയുക്ത മെത്രാൻ മാത്യു നെല്ലിക്കുന്നേൽ പറഞ്ഞു.

ഫാ. മാത്യു നെല്ലിക്കുന്നേലിനെ മെത്രാനാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും കാക്കനാട് മൗണ്ട് സെയ്ന്റ് തോമസിലും ഒരേസമയം നടന്നു.
സഭാ കാര്യാലയത്തിൽ മെത്രാൻ സിനഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. തുടർന്നു മേജർ ആർച്ച്ബിഷപ്പും ഗൊരഖ്പുർ രൂപതയുടെ സ്ഥാനമൊഴിയുന്ന മെത്രാൻ മാർ തോമസ് തുരുത്തിമറ്റവും ചേർന്ന് നിയുക്തമെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

ഇടുക്കി മരിയാപുരം ഇടവകയിൽ നെല്ലിക്കുന്നേൽ വർക്കി-മേരി ദമ്പതിമാരുടെ മൂത്ത മകനായി 1970 നവംബർ 13-ന് ജനിച്ച ഫാ. മാത്യു ഹൈസ്‌കൂൾ പഠനത്തിനുശേഷം സി.എസ്.ടി. സന്ന്യാസ സമൂഹത്തിന്റെ പഞ്ചാബ്-രാജസ്ഥാൻ പ്രോവിൻസിൽ ചേർന്ന് ഗൊരഖ്പുരിലുള്ള മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. 1998 ഡിസംബർ 30-ന് കോതമംഗലം രൂപത മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ശേഷം അസിസ്റ്റന്റ് നോവിസ് മാസ്റ്റർ, മൈനർ സെമിനാരി റെക്ടർ, ഇടവക വികാരി, സ്‌കൂൾമാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

റോമിലെ അഞ്ചേലിക്കം സർവകലാശാലയിൽനിന്ന് തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ആലുവ ലിറ്റിൽ ഫ്‌ളവർ മേജർ സെമിനാരിയിൽ അദ്ധ്യാപകനായി. തുടർന്നു ജർമനിയിലെ റേഗൻസ്ബുർഗ് രൂപതയിൽ അജപാലന ശുശ്രൂഷ ചെയ്തു. 2015 മുതൽ 2018 വരെ പഞ്ചാബ്- രാജസ്ഥാൻ ക്രിസ്തുജയന്തി പ്രോവിൻസിന്റെ പ്രൊവിൻഷ്യാളായിരുന്നു. 2018-മുതൽ ആലുവ ലിറ്റിൽ ഫ്‌ളവർ മേജർ സെമിനാരിയുടെ റെക്ടറായിരുന്നു. 1984-ലാണ് സിറോ മലബാർ സഭയുടെ ഗൊരഖ്പുർ രൂപത രൂപീകൃതമായത്. മാർ ഡൊമിനിക് കോക്കാട്ടാണ് പ്രഥമ മെത്രാൻ. സ്ഥാനമൊഴിയുന്ന മാർ തോമസ് തുരുത്തിമറ്റം 2006-ലാണ് രൂപതയുടെ അജപാലന ഉത്തരവാദിത്വമേറ്റെടുത്തത്. 17 വർഷത്തിനു ശേഷമാണ് മാർ തോമസ് തുരുത്തിമറ്റം വിശ്രമജീവിതത്തിലേക്കു കടക്കുന്നത്.