തൃശൂർ: ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 169-ാം ജന്മദിനം. ചതയദിനഘോഷ യാത്രകളാലും ജയന്തിസമ്മേളനം കൊണ്ടും നാടും നഗരവും ഇന്ന് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷങ്ങളിൽ മുഴുകും. ശ്രീനാരായണ ജന്മദിനാഘോഷങ്ങൾക്കായി ചെമ്പഴന്തിയും വയൽവാരം വീടും ഒരുങ്ങി. ലോകമെമ്പാടുമുള്ള ശ്രീനാരായണീയർ ഇന്ന് ഭക്ത്യാദരപൂർവം ജയന്തി ആഘോഷിക്കും. ശിവഗിരി മഠത്തിലും, അനുബന്ധ മഠങ്ങളിലുംഎസ്.എൻ.ഡി.പി യോഗത്തിന്റെയും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിലും ജയന്തി ഘോഷയാത്രയും പ്രത്യേക പ്രാർത്ഥനകളും പൂജകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും.

ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിൽ ഇന്ന് വൈകിട്ട് 6.30 ന് നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎ‍ൽഎ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും.രാവിലെ ആറിന് വയൽവാരം വീട്ടിൽ വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും നടക്കും. 10 ന് ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും.ഉച്ചയ്ക്കു ശേഷം 3ന് തിരുജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. വി.കെ. പ്രശാന്ത് എംഎ‍ൽഎ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് നാലിന് ഗുരുകുലത്തിൽ നിന്നാരംഭിക്കുന്ന ജയന്തി ഘോഷയാത്ര ഉദയഗിരി, ജനതാറോഡ്, ചെല്ലമംഗലം, ചെക്കാലമുക്ക്, വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റോഫീസ് ജംഗ്ഷൻ വരെ പോയി ഗുരുകുലത്തിൽ സമാപിക്കും.

ഗുരുദേവന്റെ മഹാസമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളോടെ ജയന്തി ആഘോഷിക്കും. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തും. 9.30ന് മന്ത്രി മുഹമ്മദ് റിയാസ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ച് ജയന്തി സന്ദേശം നൽകും. വൈകിട്ട് 3 ന് ജയന്തി ഘോഷയാത്രയ്ക്ക് മുന്നോടിയായി മഹാസമാധിയിൽ നിന്നും വിളംബര ഘോഷയാത്ര ആരംഭിക്കും. 4.30ന് ജയന്തി ഘോഷയാത്ര മഹാസമാധിയിൽ നിന്നും പുറപ്പെടും.

ഗുരുദേവ റിക്ഷയ്ക്ക് അകമ്പടിയായി പഞ്ചവാദ്യം, 60 മുത്തുക്കുടകൾ, ഗുരദേവവിഗ്രഹം വഹിക്കുന്ന രഥം, ഗുരുദേവദർശനം ആസ്പദമാക്കി അണിയിച്ചൊരുക്കിയ ഫ്ളോട്ടുകൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ എന്നിവ അണിനിരക്കും. ശ്രീനാരായണഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ ചരിത്രപ്രസിദ്ധമായ അരുവിപ്പുറത്ത് മഠത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജയന്തി സമ്മേളനം രാവിലെ 11 ന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിക്കും.