ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്. ലോകം മുഴുവനുമുള്ള ശ്രീനാരായണീയർ ഭക്തിനിർഭരമായി ഇന്ന് ഗുരുസ്മൃതിയിൽ മുഴുകും. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ലോകത്തെ ഉത്‌ബോധിപിപ്ച്ച മഹാനാണ് ശ്രീനാരായണ ഗുരു. സമാധിസ്ഥലമായ ശിവഗിരിയിൽ നാമജപം, ഉപവാസം, മഹാസമാധി പ്രാർത്ഥന, അന്നദാനം, സമ്മേളനം, ആത്മീയ പ്രഭാഷണം എന്നിവ നടക്കും.

രാവിലെ അഞ്ചിന് വിശേഷാൽപൂജ, ഹവനം, ഏഴിന് ഡോ. ബി.സീരപാണിയുടെ പ്രഭാഷണം എന്നിവ ഉണ്ടായിരിക്കം. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശിവഗിരിയിൽ നടത്തുന്ന മഹാ സമാധി സമ്മേളനം രാവിലെ 10ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായിരിക്കും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സ്വാമി ബോധി തീർത്ഥ, ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ എന്നിവർ പ്രഭാഷണം നടത്തും.

ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, വി.ജോയി എംഎ‍ൽഎ., മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, ചാണ്ടി ഉമ്മൻ എംഎ‍ൽഎ., സ്വാമി ബോധിതീർത്ഥ തുടങ്ങിയവർ പങ്കെടുക്കും. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സമഗ്ര സംഭാവന നൽകിയ എ.വി.എ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. എ.വി.അനൂപിനെ ആദരിക്കും. 169-ാമത് ഗുരുദേവജയന്തി ഘോഷയാത്രയിൽ പങ്കെടുത്ത ഫ്‌ളോട്ടുകളുടെയും സ്വീകരണ അലങ്കാരങ്ങളുടെയും ജേതാക്കൾക്കുള്ള സമ്മാന വിതരണം സമ്മേളനം കഴിഞ്ഞ് നടക്കും.

12-ന് സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണം. രണ്ടിന് ശാരദാമഠത്തിൽ ശിവഗിരി മഠത്തിലെ സന്ന്യാസിമാർ നയിക്കുന്ന ഹോമയജ്ഞം. മൂന്നിന് ശാരദാമഠത്തിൽ നിന്നും വൈദികമഠം, ബോധാനന്ദസ്വാമി സമാധിമണ്ഡപം വഴി മഹാസമാധി പീഠത്തിലേക്ക് കലശപ്രദക്ഷിണയാത്ര നടത്തും. 3.30-ന് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള സന്ന്യാസിവര്യന്മാരുടെ കാർമികത്വത്തിൽ മഹാസമാധിപൂജ, കലശപൂജാഭിഷേകം, സമൂഹപ്രാർത്ഥന, ഉപവാസയജ്ഞ സമാപനം എന്നിവ നടക്കും. നാലിന് മഹാപ്രസാദ വിതരണം.

ശിവഗിരി മഠം ശാഖാ ആശ്രമങ്ങളായ ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം മഠം, കുന്നുംപാറ ക്ഷേത്രം, കോട്ടയം കുറിച്ചി അദ്വൈതവിദ്യാശ്രമം, ആലുവ അദ്വൈതാശ്രമം, തൃശ്ശൂർ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, പാലക്കാട് തൃത്താല, ചെന്നൈ, കാഞ്ചീപുരം ആശ്രമം തുടങ്ങിയ കേന്ദ്രങ്ങളിലും സമാധി ദിനാചരണ ചടങ്ങുകളുണ്ടാകും.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ രാവിലെ 10ന് നടത്തുന്ന മഹാസമാധി ദിനാചരണ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും. ശ്രീനാരായണ ഗുരുദേവൻ ആദ്യ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും അഖണ്ഡനാമജപവും നടത്തും.

എസ്.എൻ.ഡി.പി. ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ഗുരുമന്ദിരങ്ങളുടെയും നേതൃത്വത്തിൽ പ്രാർത്ഥനാപൂർണമായ പരിപാടികളോടെ നാടെങ്ങും സമാധിദിനാചരണം നടത്തും. ഗുരുദേവകൃതികളുടെ പാരായണം, അന്നദാനം, പായസ വിതരണം, കഞ്ഞിസദ്യ എന്നിവയുണ്ടാകും.