- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാൻ പ്രത്യേക സഭാകോടതി; താമരശ്ശേരി രൂപതയിൽ അസാധാരണ നടപടി
ആലപ്പുഴ: താമരശ്ശേരി രൂപതയിൽ ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാൻ പ്രത്യേക സഭാകോടതി രൂപവത്കരിച്ചു. പല വിഷയത്തിലുമുള്ള സഭാനേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് ശുശ്രൂഷാദൗത്യംവിട്ട ഫാ. അജി പുതിയാപറമ്പിലിനെയാണു കുറ്റവിചാരണ ചെയ്യുക. അസാധാരണ നടപടിയാണിത്. ബിഷപ്പിനെതിരേ കലാപത്തിനു പ്രേരിപ്പിച്ചുവെന്നതടക്കം നാലു കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. പൗരോഹിത്യം തുടർന്നുകൊണ്ട് സാമൂഹികപ്രവർത്തനം നടത്തുമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
ദീപിക മാനേജിങ് ഡയറക്ടർ ഫാ. ജോർജ് മുണ്ടനാട്ടാണു വിചാരണക്കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആന്റണി വരകിൽ, ഫാ. ജോൺ പള്ളിക്കവയലിൽ എന്നിവർ അംഗങ്ങളാണ്. നാലു കുറ്റങ്ങളാണ് ഫാ. അജിക്കെതിരേ ചുമത്തിയിട്ടുള്ളതെന്നു താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ സർക്കുലറിൽ പറയുന്നു.
1. നൂറാംതോട് സെയ്ന്റ് ജോസഫ്സ് പള്ളി വികാരിയായി ചുമതലയേൽക്കാനുള്ള ഉത്തരവ് അനുസരിക്കാതെ സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടശേഷം സ്ഥലംവിട്ടു.
2. സിറോ മലബാർ സഭയുടെ സിനഡിന്റെ തീരുമാനങ്ങൾക്കെതിരേ നിലപാടെടുത്തു. അധികാരികൾക്കെതിരേ കലാപത്തിനു പ്രേരിപ്പിച്ചു. പൊതുസമൂഹത്തിനു മുന്നിൽ സഭയ്ക്ക് അപകീർത്തിവരുത്തി.
3. ശുശ്രൂഷാദൗത്യം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽനിന്നു പിന്തിരിപ്പിക്കാൻ ബിഷപ്പുൾപ്പെടെ ശ്രമിച്ചിട്ടും വഴങ്ങിയില്ല. ഇതു കാനോനിക നിയമങ്ങളുടെ ലംഘനമാണ്.
4. പ്രാഥമികാന്വേഷണം നടത്തി സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് മാരിക്കുന്ന് വൈദികമന്ദിരത്തിൽ താമസിക്കാൻ നിർദേശിച്ചിട്ടും കൂട്ടാക്കിയില്ല.
വൈദികനെ സസ്പെൻഡുചെയ്ത തീരുമാനം പുതിയ ഉത്തരവിൽ പിൻവലിച്ചിട്ടുണ്ട്. സസ്പെൻഷനെതിരേ ഫാ. പുതിയാപറമ്പിൽ അപ്പീൽ നൽകിയിരുന്നു.
കൃത്യമായ കാനോനിക നടപടിക്രമം പൂർത്തീകരിച്ച് കൂടുതൽ നടപടിയെടുക്കാനാണു കുറ്റവിചാരണക്കോടതി സ്ഥാപിച്ചതെന്നാണു സൂചന. സമൻസ് അയച്ചുവരുത്തി വൈദികനെ കേട്ടശേഷമാകും തുടർനടപടി. വൈദികവൃത്തിയിൽനിന്നു നീക്കാൻ വത്തിക്കാന്റെ അനുമതിയുൾപ്പെടെ സങ്കീർണ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഇദ്ദേഹമിപ്പോൾ കളമശ്ശേരിയിലെ സെയ്ന്റ് ജോസഫ്സ് സോഷ്യൽ സെന്ററിലാണു കഴിയുന്നത്.
മുക്കം എസ്.എച്ച്. പള്ളി വികാരിയായിരുന്ന ഫാ. അജി പുതിയാപറമ്പിനെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഏപ്രിലിൽ നൂറാംതോട് പള്ളിയിലേക്കു മാറ്റിയിരുന്നു. അവിടെ ചുമതലയേൽക്കേണ്ടദിവസമാണു ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച് എറണാകുളത്തേക്കു പോന്നത്. ഒന്നരവർഷം ആലോചിച്ചെടുത്ത തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.