പത്തനംതിട്ട: ഇക്കൊല്ലത്തെ ശബരിമല മേൽശാന്തിയായി ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എൻ.മഹേഷ് തിരഞ്ഞെടുക്കപ്പട്ടു. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി.എൻ.മഹേഷ്. പി.ജി.മുരളിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു. തൃശൂർ വടക്കേക്കാട് സ്വദേശിയാണ് ഇദ്ദേഹം. സന്നിധാനത്ത് നടന്ന ചടങ്ങിൽ അദ്യ നറുക്കിൽ തന്നെ മഹേഷ് മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പട്ടികയിൽ 17 പേരാണ് ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിൽ നിന്ന് കെട്ടുമുറുക്കി എത്തിയ വൈദേഹ് എം. വർമ്മ എന്ന കുട്ടിയാണ് ശബരിമല മേൽശാന്തിയുടെ നറുക്ക് എടുത്തത്.

തൃശൂർ തൊഴിയൂർ വടക്കേക്കാട്ട് പൂക്കാട്ട് മനയിലെ പി ജി മുരളിയെ മാളികപ്പുറം മേൽശാന്തിയാവാൻ ഭാഗ്യം ലഭിക്കുക ആയിരുന്നു. എഴാമത്തെ നറുക്കിലാണ് അദ്ദേഹം മേൽശാന്തിയായത്. മാളികപ്പുറം ക്ഷേത്രത്തിൽ 12 പേരാണ് അന്തിമ മേൽശാന്തി പട്ടികയിൽ ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള നിരുപമ ജി വർമ്മയാണ് നറുക്കെടുത്തത്. വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരു വർഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.

രാവിലെ ഉഷ: പൂജയ്ക്കു ശേഷം നറുക്കെടുപ്പിനായുള്ള ചുരുട്ടുകൾ വെള്ളിക്കൂടത്തിൽ നിക്ഷേപിച്ചിരുന്നു. തുടർന്ന് തന്ത്രി കുടങ്ങൾ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ച ശേഷം ശ്രീകോവിലിന് മുന്നിൽ വയ്ച്ചു. ഇതിന് ശേഷമാണ് നറുക്കെടുപ്പ് നടന്നത്.ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, സ്‌പെഷ്യൽ കമ്മിഷണർ എം.മനോജ്, ഹൈക്കോടതി നിരീക്ഷകൻ റിട്ട. ജസ്റ്റീസ് പത്മനാഭൻ നായർ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, സെക്രട്ടറി ജി. ബൈജു, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ, ദേവസ്വം വിജിലൻസ് എസ്‌പി സുബ്രഹ്‌മണ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.

തുലാമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്നലെ തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നടതുറന്നു. മാളികപ്പുറം ക്ഷേത്രനട തുറക്കാനായി മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരിക്കു താക്കോൽ കൈമാറി യാത്രയാക്കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിയിച്ചു. തുടർന്നു ഭക്തർ ദർശനം നടത്തി. ഇന്നു മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. 22ന് രാത്രി 10ന് നട അടയ്ക്കും.