ഗുരുവായൂർ: ഗുരുവായൂരിൽ ഏകാദശി പ്രമാണിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിന് അരങ്ങുണർന്നു. വ്യാഴാഴ്ച രാവിലെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രത്തിൽനിന്ന് കൊളുത്തിയ ദീപം സംഗീതമണ്ഡപത്തിലെ നിലവിളക്കിലേക്ക് പകർന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയനും ഭരണസമിതിയംഗങ്ങളും പങ്കെടുത്തു. ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സ്മാരക പുരസ്‌കാരം ലഭിച്ച മുതിർന്ന സംഗീതജ്ഞൻ മധുരൈ ടി.എൻ. ശേഷഗോപാലന്റേതായിരുന്നു ആദ്യ കച്ചേരി. 'വാതാപി ഗണപതി'യോടെ കച്ചേരിക്ക് തുടക്കമായി.

ദ്വിജാവന്തി രാഗത്തിൽ 'കേതാ ശ്രീബാലകൃഷ്ണ'...,കമാസ് രാഗത്തിൽ 'സന്താനഗോപാല..', തോടിയിൽ ' ശ്രീകൃഷ്ണം ഭജമാനസ' എന്നീ കീർത്തനങ്ങളാണ് അദ്ദേഹം പാടിയത്. മകൻ മധുരൈ ടി.എൻ.എസ്.കൃഷ്ണ കൂടെപ്പാടി. ഡോ.എൻ. സമ്പത്ത് (വയലിൻ), പാലക്കാട് ഹരിനാരായണൻ (മൃദംഗം), തൃപ്പുണിത്തുറ രാധാകൃഷ്ണൻ (ഘടം) എന്നിവർ പക്കമേളമൊരുക്കി. ഡോ. ഗുരുവായൂർ മണികണ്ഠൻ തംബുരു വായിച്ചു. തുടർന്ന് രാത്രി വരെ ഇടവേളകളില്ലാതെ സംഗീതാർച്ചനകളായിരുന്നു. വൈകീട്ട് സ്‌പെഷ്യൽ കച്ചേരിയിൽ അമൃത് വെങ്കിടേഷായിരുന്നു ആദ്യം പാടിയത്. ഡോ.ആർ. കശ്യപ് മഹേഷ് (വായ്പാട്ട്), പാലക്കാട് കെ.എൽ. ശ്രീറാം(പുല്ലാങ്കുഴൽ) എന്നിവരുടെ വിശേഷാൽ കച്ചേരികളുമുണ്ടായി.