- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാനത്തിന്റെ രാജകുമാരന് യുദ്ധം വീണ്ടും പാർപ്പിടം നിഷേധിക്കുന്നു; ക്രിസ്തു അനീതിയെ നേരിട്ടത് ശക്തി കൊണ്ടല്ല; സ്വയം മനുഷ്യഹൃദയം സ്വീകരിച്ച ദൈവം മനുഷ്യരുടെ ഹൃദയങ്ങളിൽ മനുഷ്യത്വം നിറയ്ക്കട്ടെ; യുദ്ധ യാതന അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കണം; ക്രിസ്മസ് ദിനത്തിൽ സമാധാനം ഉയർത്തി പോപ്പ്
വത്തിക്കാൻ സിറ്റി: ഇത്തവണത്തെ ക്രിസ്മസ് ദിനത്തിൽ വിശ്വാസികളുടെ ഹൃദയങ്ങൾ ബത്ലഹേമിലാണെന്ന് ഫ്രാൻസിസ് മാർപാപ്പ. സെയ്ന്റ് പീറ്റേഴ്സ് ബസലിക്കയിലെ ക്രിസ്മസ്ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുദ്ധത്തിന്റെ യാതനകൾ അനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ക്രിസ്മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു.
സമാധാനത്തിന്റെ രാജകുമാരന് യുദ്ധം വീണ്ടും പാർപ്പിടം നിഷേധിക്കുകയാണ്. ക്രിസ്തു അനീതിയെ നേരിട്ടത് ശക്തി കൊണ്ടല്ല, സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ -ഹമാസ് യുദ്ധത്തെക്കുറിച്ച് മാർപാപ്പ നേരിട്ട് പരാമർശിച്ചില്ല. 6,500 ഓളം വിശ്വാസികൾ മാർപാപ്പ നേതൃത്വംനൽകിയ ചടങ്ങുകളിൽ പങ്കെടുത്തു. വിശ്വാസികൾ ക്രിസ്മസ് ആഘോഷത്തിൽ ഉപഭോഗതൃഷ്ണ ഒഴിവാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. ഒന്നും പാഴാക്കാതെ, ആവശ്യക്കാർക്കായി എല്ലാം പങ്കുവച്ച് യേശുവിന്റെ ജനനം ആഘോഷിക്കണമെന്ന് ഇന്നലെ ത്രികാലജപ പ്രാർത്ഥനയ്ക്കിടെ മാർപാപ്പ നിർദേശിച്ചു.
യുദ്ധത്തിന്റെ കെടുതികൾ നേരിടുന്ന സഹോദരീസഹോദരങ്ങളെ മാർപാപ്പ പ്രത്യേകം സ്മരിച്ചു. ഫലസ്തീനും ഇസ്രയേലും യുക്രെയ്‌നും നമ്മുടെ ചിന്തകളിലുണ്ട്. ദുരിതവും പട്ടിണിയും അടിമത്തവും നേരിടുന്ന എല്ലാവരെക്കുറിച്ചും നമ്മൾ ചിന്തിക്കുന്നു. ക്രൈസ്തവർ പ്രാർത്ഥനയിലും മിതവ്യയത്തിലും വേണം ക്രിസ്മസ് ആഘോഷിക്കേണ്ടത്. ആഘോഷങ്ങൾ ഉപഭോഗത്തിനുള്ള അവസരങ്ങളല്ല. ആഘോഷങ്ങളിൽ ലാളിത്യമുണ്ടാകണം. ഒന്നും പാഴാക്കിക്കളയരുത്.
സ്വയം മനുഷ്യഹൃദയം സ്വീകരിച്ച ദൈവം മനുഷ്യരുടെ ഹൃദയങ്ങളിൽ മനുഷ്യത്വം നിറയ്ക്കട്ടെ. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്ന മാർപാപ്പ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന് വിശ്വാസികളോട് അഭ്യർത്ഥിച്ചു. സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശവുമായി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. പള്ളികളിൽ പാതിരാ കുർബനയിലടക്കം വിശ്വാസികൾ വിവിധ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു. നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീകളുമായി വിശ്വാസികൾ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്.
ലോകമെങ്ങുമുള്ളവർക്ക് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് ആശംസകൾ നേർന്നു. ഒപ്പം ബത്‌ലഹേമിലെ യുദ്ധ ഇരകൾക്കായും അദ്ദേഹം പ്രാർത്ഥിച്ചു. യേശു ജനിച്ച മണ്ണിൽ യേശുവിന്റെ സമാധാന സന്ദേശം മരിച്ചുവെന്നു അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി. യുദ്ധത്തിന്റെ വ്യർഥമായ യുക്തിയിൽ സമാധാനം നിരസിക്കപ്പെട്ടു. സന്ദേശത്തിൽ അദ്ദേഹം ആശങ്ക പങ്കിട്ടു.
മറുനാടന് മലയാളി ബ്യൂറോ