- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂരിൽ തീർത്ഥാടകരുടെ തിരക്കേറി; തിരുവോണം ആരാധന മെയ് 29 ന്
കണ്ണൂർ : പ്രകൃതിയും മനുഷ്യനും വിശ്വാസവും ഒത്തു ചേരുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തീർത്ഥാടകരുടെ തിരക്കേറി. കൊട്ടിയൂർവൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തെ ആരാധനയായ തിരുവോണം ആരാധന മെയ് 29 ന് നടക്കും. ഇതിന് മുൻപ് പൂർത്തിയാക്കേണ്ട മണിത്തറയിലെ താത്കാലിക ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
അതേസമയം മഹോത്സവത്തിന് എത്തുന്ന തീർത്ഥാടകർക്ക് അക്കര കൊട്ടിയൂരിൽ മണിത്തറക്ക് സമീപത്തായി പ്രസാദം വിതരണം ചെയ്യുവാനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് ഭക്തജനങ്ങൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. ഉത്സവം തുടങ്ങിയതിനു ശേഷത്തെ ആദ്യത്തെ ഞായറാഴ്ചയായ ഇന്നലെ സാമാന്യം ഭേദപ്പെട്ട തിരക്കാണ് അനുഭവപ്പെട്ടത്. ഈ തിരക്ക് കണക്കിലെടുത്താണ് കഴിഞ്ഞദിവസം നടന്ന അടിയന്തര യോഗത്തിൽ പ്രസാദ വിതരണത്തിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിനായി തീരുമാനമുണ്ടായത്.
പുതിയ പ്രസാദ കൗണ്ടർ കൗണ്ടർ വന്നതോടെ മണിത്തറയിൽ ദർശനത്തിനുണ്ടാകുന്ന തിരക്ക് വലിയ തോതിൽ കുറയ്ക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്. 28 ദിവസം നീണ്ടുനിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ഏറ്റവും വലിയ കൗതുകങ്ങളിലൊന്നായ പ്രകൃതിദത്തമായി ഉണ്ടാക്കുന്ന ഓടപ്പുക്കൾക്ക് ഇക്കുറി വില കൂടിയിട്ടുണ്ട്. പ്രകൃതിയുടെ വരപ്രസാദമായാണ് കൊട്ടിയൂരിലെത്തുന്ന വിശ്വാസികൾഇതിനെ കണക്കാക്കുന്നത്. കൊട്ടിയൂരിൽ മാത്രം നിർമ്മിക്കുന്നതും കൊട്ടിയൂർ ഉത്സവത്തിനിടെ മാത്രം ലഭിക്കുന്നതുമാണ് ഓടപ്പുക്കൾ. കൊട്ടിയൂർ തീർത്ഥാടനത്തിന് എത്തുന്ന തീർത്ഥാടകർ സാധാരണയായി ഒരെണ്ണമെങ്കിലും വാങ്ങിയിട്ടേ പോകാറുള്ളു.
കാട്ടാനകളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് ഓട. അതു കൊണ്ടു തന്നെ വനത്തിൽ പോകുന്നവർ അപകടങ്ങളിൽ നിന്നും ഒഴിവാകാൻ കുളിച്ചു ശുദ്ധിയോടെ മാത്രമേ പോകാറുള്ളൂ. ഇതു കാരണം കൊട്ടിയൂർ പെരുമാൾ തങ്ങളെ അത്യാപത്തുകളിൽ നിന്നും രക്ഷിക്കുമെന്നാണ ഇവരുടെ വിശ്വാസം. വെട്ടിയെടുക്കുന്ന ഓട മരങ്ങൾ തലച്ചുമടായി വനത്തിന് പുറത്തേക്ക് എത്തിക്കും. ഇതിനു ശേഷം മധുരം കളയുന്നതിനായി വെള്ളത്തിൽ ഇട്ടു വയ്ക്കും. പുഴകളിലോ കുളങ്ങളിലോയാണ് ഇതു കെട്ടിയിടുക. ഇതിനു ശേഷം ഓട കല്ലുകൊണ്ടോ ഹാമർ കൊണ്ടോ അടിച്ചു പതം വരുത്തും.
കൊട്ടിയൂരിൽ ഓടതല്ലൽ പരമ്പരാഗതമായി ചെയ്തു വരുന്ന സ്ത്രീകളുണ്ട്. ഇവർ വീടുകളിൽ നിന്നാണ് ഇതു ചെയ്യുന്നത്. ഇതിനു ശേഷം സൂചിക്കൊണ്ടു കോതിമിനുക്കിയാൽ ഓടപ്പൂക്കളായി മാറും. ദക്ഷയാഗത്തിന് കാർമികത്വം വഹിച്ച ഭൃഗുമുനിയുടെ താടിയായാണ് ഓടപ്പൂക്കൾ എന്നാണ് വിശ്വാസം. ദക്ഷയാഗത്തിനിടെയുണ്ടായ കലഹത്തിൽ ഭൃഗുമുനി താടി പറിച്ചെറിഞ്ഞെന്നും ഇതു ഓടപ്പൂക്കളായി പൊടിച്ചുവളർന്നുവെന്നാണ് ഐതിഹ്യം. ഓടപ്പൂക്കൾ വീടുകളിൽ കൊണ്ടു പോയി തൂക്കിയാൽ സർവ്വ ഐശ്യര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
അതു കൊണ്ടുതന്നെ കൊട്ടിയൂർ തീർത്ഥാടനത്തിനെത്തുന്നവർ ഓടപ്പൂക്കൾ വാങ്ങി ബന്ധു മിത്രാദികളുടെ വീടുകളിൽ കൊടുക്കുന്നതും പതിവാണ്. കൊട്ടിയൂർ വനത്തിൽ ഓടകൾ ലഭിക്കാത്തത് ഈ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് നിർമ്മിക്കുന്നവർ പറയുന്നത്. കർണാടക വനത്തിൽ നിന്നും താമരശേരിയിൽ നിന്നുമാണ് ഓടകൾ ശേഖരിക്കുന്നത്. കൂലി വർധവവും സ്ഥല വാടകയും ഓടപ്പൂവിന് ഇക്കുറി വില വർധിക്കാൻ കാരണമായിട്ടുണ്ട്. 20 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ചെറുതിന് എഴുപതും ഇടത്തരം എൺപതും വലുതിന് തൊണ്ണൂറുമാണ് വില ഈടാക്കുന്നത്.
ഉത്സവ സ്ഥലത്തെ സ്റ്റാളുകളിൽ തൂക്കിയിടുന്ന ഓടപ്പൂക്കൾ നിരന്നുനിൽക്കുന്നതു കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്. വിശ്വാസത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഓടപ്പൂക്കൾ വാങ്ങാനെത്തുന്നവരുടെ തിരക്കും അനുഭവപ്പെടാറുണ്ട്.