ദുഃഖവെള്ളിയാഴ്ച നാളില്‍ യേശുദേവന്റെ പീഢനാനുഭവങ്ങള്‍ ഏറ്റെടുത്ത് സ്വയം ചാട്ടവാറിനടിച്ചും, കുരിശില്‍ തറച്ചും വിശ്വാസികള്‍. ഫിലിപ്പൈന്‍സിലെ സാന്‍ പെഡ്രൊ കട്ടാഡ് ഗ്രാമത്തിലേക്ക് സ്വദേശികളും വിദേശികളുമായ നിരവ്ധിപേരാണ് ഒഴുകിയെത്തിയത്. വടക്കന്‍ ഫിലിപ്പൈന്‍സിലെ ഈ ഗ്രാമത്തില്‍ റൂബന്‍ എനാജെ എന്ന 64 കാരനും മറ്റ് രണ്ട് വിശ്വാസികളുമാണ് കര്‍ത്താവിന്റെ പീഢനാനുഭവങ്ങള്‍ ഏറ്റുവാങ്ങി കുരിശിലേറിയത്. റുബന്‍ ഇത് മുപ്പത്തിയാറാം തവണയാണ് കുരിശേറുന്നത്.

റോമന്‍ പടയാളികളുടെ വേഷത്തിലെത്തിയ മറ്റ് നടന്മാര്‍, ഇയാളുടെ കൈകള്‍ രണ്ടിഞ്ച് നീളത്തിലുള്ള ആണി തറച്ചും കയറുകള്‍ കൊണ്ടു കെട്ടിയും കുരിശില്‍ ബന്ധിപ്പിച്ചു. മറ്റു രണ്ടു പേരെകൂടി സമാനമായ രീതിയില്‍ കുരിശുമായി ബന്ധിപ്പിച്ചതിനുശേഷം കുരിശുകള്‍ ഉയര്‍ത്തി നാട്ടി. തലയില്‍ മുള്‍ക്കിരീടമണിഞ്ഞ്, ഒരു വെളുത്ത തുണിയില്‍ കെട്ടിയ റൂബാന്‍ താഴെ ഭയവിഹ്വലരായി നില്‍ക്കുന്ന വിശ്വാസികള്‍ക്ക് നേരെ നോക്കി.

മുളയില്‍ കെട്ടിയ ചാട്ടവാറുകൊണ്ട് വിശ്വാസികള്‍ സ്വയം മര്‍ദ്ധിച്ച് ശരീരത്തില്‍ ചോരയൊലിപ്പിക്കുന്ന ചിത്രങ്ങളും ഈ ഭീകരമായ ഉത്സവസ്ഥലത്തു നിന്നും പുറത്തു വന്നിട്ടുണ്ട്. അരക്കുതാഴെ കറുത്ത വസ്ത്രം ധരിച്ച് അര്‍ദ്ധനഗ്നരായ വിശ്വാസികള്‍ തലയില്‍ മുള്‍ക്കിരീടവുമണിഞ്ഞ് നഗ്നപാദരായി, പൊടിയണിഞ്ഞ പാതയിലൂടെ ഘോഷയാത്രയായി നടന്നു പോകുന്ന ദൃശ്യങ്ങളും ലഭ്യമാണ്. ഇതിനിടയില്‍ അവര്‍ സ്വയം ചാട്ടവാറടി ഏല്‍ക്കുന്നുമുണ്ട്. അവരുടെ വസ്ത്രങ്ങളിലൂടെ രക്തമൊലിക്കുന്നുണ്ടായിരുന്നു. ഇടയ്‌ക്കെല്ലാം വഴിയരുകില്‍ കാഴ്ചക്കാരായി നില്‍ക്കുന്നവരുടെ ശരീരത്തിലേക്കും ചോര തെറിക്കുന്നുണ്ട്.



മെക്സിക്കോയിലും സാന്‍ഫ്രാന്‍സിസ്‌കോയിലും കണ്ടുവരുന്ന ഈ ആചാരം ഏതാണ്ട് 60 കൊല്ലങ്ങള്‍ക്ക് മുന്‍പാണ് ആരംഭിച്ചത്. സാധാരണക്കാര്‍,,ചെയ്ത് പോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായും, രോഗശാന്തിക്കായും അതുപോലെ ആഗ്രഹ പൂര്‍ത്തീകരണത്തിനായുമൊക്കെയാണ് ഭക്തിയോടെ ഈ മതപരമായ ആചാരത്തില്‍ പങ്കെടുക്കുന്നത്. ചിലര്‍ നിലത്ത് കമഴ്ന്നു കിടന്ന് മറ്റുള്ളവര്‍ക്ക് ചാട്ടവാറുകള്‍ കൊണ്ട് അടിക്കാന്‍ അവസരം ഒരുക്കും. ചിലര്‍ ബ്ലേഡുകള്‍ ഉപയോഗിച്ച് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയും രക്തം പുറത്തു വരുത്തും.


ആദ്യത്തെ അഞ്ച് സെക്കന്‍ഡ് അതി കഠിനമായ വേദനയായിരിക്കും എന്നാണ് മുപ്പത്തിയാറാം തവണ കുരിശാരോഹണം നടത്തുന്ന റൂബന്‍ പറയുന്നത്. കുറച്ചധികം രക്തം ഒഴുകിക്കഴിയുമ്പോള്‍ അവിടെ ഒരുതരം മരവിപ്പ് അനുഭവപ്പെടും. പിന്നെ വേദനയുണ്ടാകില്ല. എത്രനേരം വേണമെങ്കിലും കുരിശില്‍ കിടക്കാനാകുമെന്നും അയാള്‍ പറഞ്ഞു. ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ നിന്നും വടക്കുമാറിയുള്ള പാംപാംഗ പ്രവിശ്യയിലെ ഗ്രാമങ്ങളില്‍ എല്ലാവര്‍ഷവും നടക്കുന്ന ദുഃഖവെള്ളിയാഴ്ച ആചരണം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് സന്ദര്‍ശകരെയാണ് ഇവിടേക്ക് ആകര്‍ഷിക്കാറുള്ളത്.

കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ഈ ഉത്സവം പിന്നീട് 2023 ല്‍ ആണ് വീണ്ടും ആരംഭിച്ചത്. മുപ്പത്തിയാറാം തവണയും ക്രിസ്തുവിന്റെ ഭാഗം കെട്ടുന്ന റൂബന്‍ ഇപ്പോള്‍ ഒരു പ്രാദേശിക സൂപ്പര്‍സ്റ്റാര്‍ ആണ്. എന്നാല്‍, ഇത്തരം ആചരണം ഫിലിപ്പൈന്‍സില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ലെബനനിലെ ക്വാറെയില്‍ നിന്നും സമാനമായ ഉത്സവത്തിന്റെ ചിത്രങ്ങള്‍ വന്നിട്ടുണ്ട്. മുംബൈയില്‍ ഒരാളുടെ തലയില്‍ മുള്‍ക്കിരീടം അമര്‍ത്തി വയ്ക്കുമ്പോള്‍ അയാള്‍ വേദനകൊണ്ട് കരയുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.