തൃശൂര്‍: യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രത്യാശയില്‍ ക്രൈസ്തവര്‍ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കും. ശനി അര്‍ധരാത്രിയോടെ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാളിനെ വരവേറ്റ് പാതിരാ കുര്‍ബാനകള്‍ നടന്നു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കാളികളായി. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കിയാണ് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും നടന്നത്. 50 നോന്‍പ് പൂര്‍ത്തിയാക്കിയ വിശ്വാസികള്‍ക്കിന്ന് ആഘോഷദിവസമാണ്.

ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നേരം പുലരും വരെ തുടര്‍ന്നു. എറണാകുളം തിരുവാങ്കുളം സെന്റ് ജോര്‍ജ് ദേവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായി. കോട്ടയം വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും തൃശൂര്‍ പരിശുദ്ധ വ്യാകുല മാതാവിന്‍ ബസിലിക്കയില്‍ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും പാതിരാ കുര്‍ബാന ശുശ്രൂഷകള്‍ക്ക് കാര്‍മികരായി. കല്‍ദായ സുറിയാനി സഭ മര്‍ത്ത്മറിയം വലിയപള്ളിയിലെ പാതിരാ കുര്‍ബാനയില്‍ മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപോലീത്തയും ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലും പാതിരാ കുര്‍ബാന ശുശ്രൂഷകള്‍ക്ക് കാര്‍മികരായി.

ഈസ്റ്റര്‍ ആഘോഷത്തോടെ ക്രൈസ്തവ വിശ്വാസികളുടെ അമ്പതു നോമ്പിന് സമാപനമായി. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കി ദുഃഖവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു. പ്രദക്ഷിണവും നഗരികാണിക്കലും നടന്നു.