- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാര്‍ മാത്യു മാക്കീലിന്റെ വീരോചിതപുണ്യങ്ങള്‍ക്കു മാര്‍പാപ്പയുടെ അംഗീകാരം; ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ 'ധന്യന്‍' പദവിയിലേക്ക്: സുപ്രധാന നടപടിയുമായി വത്തിക്കാന്‍
ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ 'ധന്യന്‍' പദവിയിലേക്ക്
വത്തിക്കാന്‍ സിറ്റി: ദൈവദാസന്‍ ബിഷപ്പ് മാര്‍ മാത്യു മാക്കീല്‍ 'ധന്യന്‍' പദവിയിലേക്ക്. അദ്ദേഹത്തിന്റെ വീരോചിതപുണ്യങ്ങള്‍ക്കു ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചു. മാര്‍പാപ്പയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ഇതു സംബന്ധിച്ച ഡിക്രി വിശുദ്ധരുടെ നാമകരണച്ചടങ്ങുകള്‍ക്കായുള്ള വത്തിക്കാന്‍ മെത്രാന്‍സംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മര്‍ച്ചെല്ലോ സെമെറാറോ പ്രസിദ്ധീകരിച്ചു. പ്രഖ്യാപനം ധന്യപദവിയിലേക്കു വഴിതെളിക്കും.
വിശുദ്ധപദവിയിലേക്കുള്ള പ്രയാണത്തില്‍ രണ്ടാമത്തേതാണു ധന്യന്‍ പദവി. ആദ്യത്തേതാണു ദൈവദാസന്‍ പദവി. പിന്നീടുള്ളതാണു വാഴ്ത്തപ്പെട്ടവന്‍/വാഴ്ത്തപ്പെട്ടവള്‍ പദവി. തുടര്‍ന്നാണു വിശുദ്ധന്‍, വിശുദ്ധ പ്രഖ്യാപനങ്ങള്‍ വരുന്നത്. 1889 മുതല്‍ കോട്ടയം വികാരിയാത്തില്‍ തെക്കുംഭാഗക്കാര്‍ക്കായുള്ള വികാരി ജനറലായിരുന്നു മാര്‍ മാത്യു മാക്കീല്‍. 1911ല്‍, ക്‌നാനായ കത്തോലിക്കര്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടയം വികാരിയത്തിന്റെ പ്രഥമ തദ്ദേശീയ അപ്പസ്‌തോലിക വികാരിയായി നിയമിക്കപ്പെട്ടു. കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം.
2009 ജനുവരി 26ന് ആണു ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. മതാധ്യാപക, വിദ്യാഭ്യാസ മേഖലകളില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സന്യാസജീവിതത്തിലേക്കുള്ള വിളി പ്രോത്സാഹിപ്പിക്കുന്നതിലും ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലും മുന്‍നിരയിലുണ്ടായിരുന്നു അദ്ദേഹം.
കോട്ടയം മാഞ്ഞൂര്‍ മാക്കീല്‍ പുത്തന്‍പുരയില്‍ തൊമ്മന്‍-അന്ന ദമ്പതികളുടെ മകനായി 1851 മാര്‍ച്ച് 27നു ജനിച്ചു.1874 മേയ് 30നു വൈദികപട്ടം സ്വീകരിച്ചു. 1896 ജൂലൈ 28നു ചങ്ങനാശേരി വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിക്കപ്പെട്ടു. 1911 ഓഗസ്റ്റ് 29നു കോട്ടയം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയായി. 1914 ജനുവരി 26നു കാലം ചെയ്തു.