കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന് സെപ്റ്റംബര്‍ ഒന്നിന് കൊടിയേറും. പെരുന്നാള്‍ ചടങ്ങുകളില്‍ യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് ജോസഫ് ബാവായും മറ്റ് മെത്രാപ്പൊലീത്തമാരും വൈദികരും കാര്‍മികരാകും. ട്ട് ദിവസങ്ങളിലായുള്ള നോമ്പാചരണത്തിലും പെരുന്നാളിലും 50 ലക്ഷത്തിലേറെ വിശ്വാസികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.

എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്തായുടെ കാര്‍മികത്വത്തില്‍ കൊടിമരം ഉയര്‍ത്തും. ഒന്നാംതീയതി മുതല്‍ എല്ലാദിവസവും രാവിലെ ആറ് മുതല്‍ 7.30 വരെ കരോട്ടെപള്ളിയില്‍ കുര്‍ബാന. 7.30 മുതല്‍ 8.30 വരെ വലിയപള്ളിയില്‍ പ്രഭാതപ്രാര്‍ഥന, 8.30 മുതല്‍ 10 വരെ മൂന്നിന്‍മേല്‍ കുര്‍ബാന. 11-ന് പ്രസംഗം, 12-ന് ഉച്ചനമസ്‌കാരം, 2.30-ന് പ്രസംഗം, വൈകീട്ട് അഞ്ചിന് സന്ധ്യാപ്രാര്‍ഥന.

പതിനായിരക്കണക്കിന് മുത്തുക്കുടകളും, നൂറുകണക്കിന് പൊന്‍-വെള്ളിക്കുരിശുകളുമായി വിശ്വാസസമൂഹം അണിനിരക്കുന്ന ഏഷ്യയിലെതന്നെ ഏറ്റവും വലുതെന്നറിയപ്പെടുന്ന മണര്‍കാട് പള്ളി 'റാസ' ആറാം തീയതിയാണ്. 11.30-ന് ഉച്ചനമസ്‌കാരത്തോടെ റാസ ആരംഭിക്കും.

നടതുറക്കല്‍ ഏഴാം തീയതിയാണ്. വലിയപള്ളിയിലെ പ്രധാന മദ്ബഹയുടെ മധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെയുംകൊണ്ട് നില്‍ക്കുന്ന തിരുസ്വരൂപം ദര്‍ശനത്തിന് തുറന്നുകൊടുക്കുന്നതാണ് ഈ ചടങ്ങ്. ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് ജോസഫ് ബാവാ കാര്‍മികനാകും.

എട്ടാംതീയതിയാണ് പ്രധാന പെരുന്നാള്‍. 1701 പറ അരിയുടെ പാച്ചോറാണ് പെരുന്നാള്‍ദിനത്തില്‍ നേര്‍ച്ചവിതരണത്തിന് തയ്യാറാക്കുന്നത്. സ്ലീബാപെരുന്നാള്‍ദിനമായ 14-ന് നട അടയ്ക്കും. 1501 അംഗ കമ്മിറ്റി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. പത്ത് ഏക്കര്‍ സ്ഥലം പാര്‍ക്കിങ്ങിന് ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും പ്രത്യേക സര്‍വീസുകള്‍ നടത്തും.

കത്തീഡ്രല്‍ സഹവികാരി ഫാ. ലിറ്റു ടി.ജേക്കബ് തണ്ടാശ്ശേരില്‍, ട്രസ്റ്റിമാരായ സുരേഷ് കെ.ഏബ്രഹാം കണിയാംപറമ്പില്‍, ബെന്നി ടി. ചെറിയാന്‍ താഴത്തേടത്ത്, ജോര്‍ജ് സഖറിയ ചെമ്പോല, സെക്രട്ടറി പി.എ. ചെറിയാന്‍ പാണാപറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.