കോട്ടയം: മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ കന്യകാമറിയത്തിന്റെ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടികയറും. നിലംതൊടാതെ വെട്ടിയെടുക്കുന്ന കൊടിമരം ഘോഷയാത്രയായി പള്ളിയിലെത്തിച്ച് വൈകീട്ട് നാലരയോടെ കല്‍ക്കുരിശിനുസമീപം ഉയര്‍ത്തും. സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്തായുടെ കാര്‍മികത്വത്തിലാണ് കൊടിമരം ഉയര്‍ത്തുന്നത്.

എട്ടുദിവസത്തെ ചടങ്ങുകളില്‍ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠകാതോലിക്ക മോര്‍ ബസേലിയോസ് ജോസഫ് ബാവായും സഭയിലെ മറ്റ് മെത്രാപ്പൊലീത്താമാരും കാര്‍മികത്വം വഹിക്കും. പെരുന്നാളിന്റെ ഭാഗമായി നടത്തുന്ന, ഏഷ്യയിലെതന്നെ ഏറ്റവും വലുതെന്നറിയപ്പെടുന്ന ആധ്യാത്മികഘോഷയാത്രയായ മണര്‍കാട് പള്ളി റാസ ആറാംതീയതിയാണ്. പതിനൊന്നരയോടെ ആരംഭിക്കുന്ന റാസ മൂന്നര കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് തിരികെ പള്ളിയിലെത്തുന്നത്. നോമ്പാചരണത്തിലെ ഏറ്റവും പ്രധാന ചടങ്ങായ നടതുറക്കല്‍ ഏഴാംതീയതി മധ്യാഹ്നപ്രാര്‍ഥനയെത്തുടര്‍ന്ന് നടക്കും.

വിശുദ്ധ കന്യാമറിയം ഉണ്ണിയേശുവിനെ വഹിച്ചുനില്‍ക്കുന്ന തിരുസ്വരൂപം ദര്‍ശനത്തിന് തുറക്കുന്നത് വര്‍ഷത്തിലൊരിക്കല്‍മാത്രമാണ്. ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. പ്രധാന പെരുന്നാള്‍ എട്ടാംതീയതിയാണ്. 1701 പറ അരിയുടെ പാച്ചോറാണ് നേര്‍ച്ചവിതരണത്തിന് തയ്യാറാക്കുന്നത്. നോമ്പാചരണത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച വൈകീട്ട് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് വലിയപള്ളിയിലെ കല്‍ക്കുരിശില്‍ യാക്കോബായ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്താ തിരിതെളിയിച്ചു. ദീപാലങ്കാരങ്ങളുടെ പ്രകാശനം ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.