തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപുലമായ ആറ്റുകാൽ പൊങ്കാല കഴിഞ്ഞ ദിവസം അരങ്ങേറിയത്. പതിവു പോലെ സെലിബ്രിറ്റികളും പൊങ്കാലകളിട്ടു. ആറ്റുകാൽ പൊങ്കാലയുടെ അംബാസഡറായ വിശേഷിപ്പിക്കപ്പെടുന്ന നടി ചിപ്പിയും കന്നിക്കാരിയായി സ്വാസികയും അടക്കമുള്ളവരാണ് പൊങ്കാലയിട്ടത്. കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി. പതിവുപോലെ ഇന്നലെ അവർ പൊങ്കാലയിട്ടു.

ആറ്റുകാൽ അമ്മയുടെ അനുഗ്രഹമാണ് തന്നെ ഇവിടെ എത്തിക്കുന്നതെന്ന് നടി പറഞ്ഞു. തന്റെ ജീവിതത്തിൽ വന്ന എല്ലാ സന്തോഷങ്ങൾക്കും അനുഗ്രഹങ്ങൾക്കും കാരണം ആറ്റുകാൽ അമ്മയാണെന്ന് ചിപ്പി പറയുന്നു. ''എല്ലാം നല്ലതായി വരണം എന്ന പ്രാർത്ഥനയിലാണ് എല്ലാ വർഷവും പൊങ്കാല ഇടുന്നത്. നമുക്ക് മോശമായി വരുന്ന കാര്യങ്ങൾ മാറിപ്പോകണം. ഇതൊക്കെയാണ് നമ്മളെല്ലാവരും പ്രാർത്ഥിക്കുന്നത്.''ചിപ്പി പറയുന്നു.

''ഞാൻ ജനിച്ചുവളർന്നത് തിരുവനന്തപുരത്താണ്. അതുകൊണ്ടാകും ആറ്റുകാൽ അമ്മയോട് ഇത്രയും സ്‌നേഹം. തിരുവനന്തപുരത്തുകാർക്ക് എല്ലാവർക്കും ഈ സ്‌നേഹമുണ്ട്. ഇവിടുത്തുകാർക്ക് ഇതൊരു ആഘോഷമാണ്, ഉത്സവമാണ്. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാൻ വെളുപ്പിന് ഇവിടെ വരുന്നത്. കഴിഞ്ഞ രണ്ട് വർഷം അമ്മയെ മനസ്സിൽ വിചാരിച്ച് വീട്ടിലിരുന്നാണ് പൊങ്കാല ഇട്ടത്. അമ്മയെ വന്ന് കണ്ട് തൊഴാനും പറ്റിയില്ല. കഴിഞ്ഞ വർഷം വന്നെങ്കിലും ഉള്ളിൽ കയറി തൊഴാൻ കഴിഞ്ഞില്ല, ഭയങ്കര തിരക്കായിരുന്നു. ഇത്തവണ അമ്മയുടെ അരികിൽ ഇരുന്ന് പൊങ്കാല ഇടാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സന്തോഷം.''ചിപ്പി പറഞ്ഞു.

കന്നിക്കാരിയായി പൊങ്കാലയിട്ടു സ്വാസിക

അതേസമയം ആറ്റുകാൽ പൊങ്കാലയിൽ ആദ്യമായി പങ്കെടുത്ത് നടി സ്വാസിക. ഇന്നലെ രാവിലെ തന്നെ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാൻ താരം സകുടുംബം എത്തിച്ചേർന്നിരുന്നു. ഉച്ചയ്ക്ക് ശേഷം പൊങ്കാല നേദിച്ച ശേഷമാണ സ്വാസിക മടങ്ങിയതും. 'ആദ്യമായാണ് ആറ്റുകാലിൽ പൊങ്കാലയിടാൻ എത്തുന്നത്. തിരുവനന്തപുരത്ത് ഷൂട്ട് നടക്കുമ്പോൾ ഒരുപാട് ആർട്ടിസ്റ്റുകൾ പൊങ്കാല ഇടാൻ പോകുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും പോകാൻ സാധിച്ചില്ല. ഇക്കുറി അമ്മയും, ചിറ്റമാരും എല്ലാമായി സകുടുംബമാണ് പൊങ്കാലയിടാൻ എത്തിയതെന്നും സ്വാസിക പറഞ്ഞു. കുറേ നാളത്തേക്ക് പൊങ്കാലയുടെ ഈ എനർജി ഒപ്പമുണ്ടാകും. സ്വാസിക പറഞ്ഞു.

പതിവു തെറ്റിക്കാതെ സുരേഷ് ഗോപി

നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ കുടുംബം ഇത്തവണ ശാസ്തമംഗലത്തെ വീട്ടിൽ ആണ് പൊങ്കാല ഇട്ടത്. പൊങ്കാല ദിവസം വീട്ടിൽ ഉണ്ടാകുന്ന പതിവ് ഇക്കുറിയും സുരേഷ് ഗോപി തെറ്റിച്ചില്ല. '1990ൽ, എന്റെ കല്യാണം കഴിഞ്ഞ വർഷം മുതൽ പൊങ്കാലയ്ക്ക് ഞാൻ വീട്ടിൽ ഉണ്ടാകും. ഭാര്യ അമ്പലത്തിന് അടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ പോയാണ് പൊങ്കാല ഇട്ടിരുന്നത്. തിരിച്ച് വന്ന് പ്രസാദം കഴിച്ചിട്ടാണ് പിന്നെ ഷൂട്ടിന് പോകുന്നത്. അത് എംപി ആയിരുന്നപ്പോഴും അങ്ങനെ തന്നെയാണ്. കഴിഞ്ഞ അഞ്ച് ആറ് വർഷമായി വീട്ടിൽ തന്നെയാണ് പൊങ്കാല ഇടുന്നത്. അതുകൊണ്ട് പൊങ്കാല ഇടുമ്പോഴും എനിക്ക് കൂടെ നിൽക്കാൻ പറ്റുന്നുണ്ട്', എന്ന് സുരേഷ് ഗോപി പറയുന്നു. വീട്ടിൽ പൊങ്കാല ഇട്ടാലും ദേവി എല്ലാം കണ്ട് അത് സ്വീകരിക്കും എന്ന വിശ്വാസം ആണല്ലോ എല്ലാം എന്ന് രാധികയും പറഞ്ഞു.

വീട്ടിൽ പൊങ്കാലയിട്ട് ആനി

പൊങ്കാല ദിവസം മാധ്യമശ്രദ്ധയിലേക്ക് പതിവായി എത്തുന്ന ചില താര മുഖങ്ങൾ ഉണ്ട്. അതിലൊരാളാണ് ആനി. ഇക്കുറിയും പതിവിന് മുടക്കം വരുത്താതെ ആനി പൊങ്കാലയിട്ടു. പക്ഷേ വീട്ടുവളപ്പിൽ ആണെന്ന് മാത്രം. ഒപ്പം ഭർത്താവും സംവിധായകനുമായ ഷാജി കൈലാസുമുണ്ട്. സിനിമയിൽ നിന്ന് ലഭിച്ച ഇടവേള പ്രയോജനപ്പെടുത്തി പൊങ്കാല ദിവസം വീട്ടിൽ എത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

മുൻ വർഷങ്ങളിൽ ക്ഷേത്ര പരിസരത്ത് പോയാണ് പൊങ്കാല ഇടാറ്. കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ പൊങ്കാലയിട്ടു. അമ്മ മരണപ്പെട്ടതിനു ശേഷമുള്ള പൊങ്കാലയാണ് ഇത്തവണ. അമ്മയുടെ ഒരു സാന്നിധ്യം ഇവിടെയുണ്ട്. അതുകൊണ്ടാണ് ഇത്തവണ വീട്ടിൽ തന്നെ പൊങ്കാലയിടാൻ തീരുമാനിച്ചതെന്ന് അനി പറഞ്ഞു.

ഹണ്ട് എന്ന സിനിമയുടെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു കൊച്ചിയിൽ. ഒരു ആറ് ദിവസം ഇടവേളയുണ്ട്. ആ സമയത്ത് കറക്റ്റ് ആയിട്ട് ഇവിടെ എത്തി. പൊങ്കാല കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എല്ലാത്തവണയും ദൂരെ പോയല്ലേ ഇടുന്നത്. ഇത്തവണ വീട്ടിൽ പൊങ്കാലയിടുമ്പോൾ അത് നേരിൽ കണ്ട് സന്തോഷിക്കാമെന്ന് കരുതി, ഷാജി കൈലാസ് പറഞ്ഞു.

10.30ന് ആറ്റുകാൽ ദേവിക്കു മുന്നിലെ വിളക്കിൽ നിന്നു ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി. കേശവൻ നമ്പൂതിരിക്കു കൈമാറിയതോടെയാമ് പൊങ്കാല തുടങ്ങിയത്. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിലാണ് ആദ്യം ആ തീ പകർന്നത്. 10.40ന് സഹശാന്തി ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെ വെടിക്കെട്ടുയർന്നു. വായ്ക്കുരവകളുടെ അകമ്പടിയോടെ അടുപ്പുകളിലേക്കുള്ള അഗ്‌നി പ്രയാണത്തിനു തുടക്കം. 11.04ന് പണ്ടാര അടുപ്പ് തിളച്ചു തൂകി. 12ന് മുൻപ് പൊങ്കാലകളെല്ലാം തയാർ. പിന്നെ നിവേദ്യത്തിനുള്ള കാത്തിപ്പ്; ഒരുപക്ഷേ കേരളത്തിലെ ഏറ്റവും വലിയ അന്നദാനത്തിന്റെ കൂടി മണിക്കൂറുകൾ.

സംഘടനകളും സ്ഥാപനങ്ങളും കൂട്ടായ്മകളുമെല്ലാം സൗഹാർദത്തോടെ ഒരുക്കിയ ഭക്ഷണങ്ങളും പാനീയങ്ങളും സുഭിക്ഷമായി വിളമ്പി. പൊങ്കാല അർപ്പിക്കാനെത്തിയ സ്ത്രീകൾക്കു മുന്നിൽ ഓരോ വീടും വാതിലുകൾ തുറന്നിട്ടു. ണ്ടരയ്ക്ക് തീർത്ഥം തളിച്ചുള്ള നിവേദ്യം പണ്ടാര അടുപ്പിൽ നിന്നു തുടങ്ങിയതോടെ സമാപ്തിയായി.