- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോറ്റാനിക്കര മകം തൊഴലിന് വിപുലമായ ക്രമീകരണങ്ങൾ, സുരക്ഷ ഉറപ്പാക്കും: എറണാകുളം കളക്ടർ ഡോ. രേണു രാജ്.
എറണാകുളം: മാർച്ച് 6 ന് നടക്കുന്ന ചോറ്റാനിക്കര മകം തൊഴലിനോടനുബന്ധിച്ച് ഭക്തർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളുമേർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. മകം തൊഴലുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേംബറിൽ ചേർന്നു.
കഴിഞ്ഞ വർഷം 1,20,000 പേരാണ് മകം തൊഴാനെത്തിയത്. കോവിഡ് ഭീതി മാറിയ സാഹചര്യത്തിൽ ഈ വർഷം കൂടുതൽ ജനത്തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നര ലക്ഷത്തോളം പേർ എത്തുമെന്നാണ് കരുതുന്നത്. ഇതു മുന്നിൽക്കണ്ടുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനായി 790 പൊലീസുകാരെ സ്ഥലത്ത് വിന്യസിക്കും. നാല് ഡിവൈഎസ്‌പിമാർ, 13 സിഐമാർ, 131 എസ്ഐ അല്ലെങ്കിൽ എഎസ്ഐമാർ, 417 സിപിഒമാർ, 225 വനിതാ പൊലീസുകാർ എന്നിങ്ങനെയാകും പൊലീസിന്റെ വിന്യാസം. സ്ത്രീകൾ കൂടുതലായി എത്തുന്നതിനാൽ വനിതാ പൊലീസിന്റെ സജീവ സാന്നിധ്യം സ്ഥലത്തുണ്ടാകണമെന്ന് കളക്ടർ നിർദേശിച്ചു. വൊളന്റിയർമാരുടെ സേവനവും ഉറപ്പാക്കും. ചോറ്റാനിക്കര ജിവിഎച്എസ് ഗ്രൗണ്ടിലാണ് വാഹനങ്ങൾക്കുള്ള പാർക്കിങ്. പാർക്കിംഗിന് കൂടുതൽ സ്ഥലം ക്രമീകരിക്കുന്നതിന് പഞ്ചായത്തിനെ ചുമതലപ്പെടുത്തി.
ഭക്തർക്ക് ദർശനത്തിനായി ബാരിക്കേഡുകൾ നിർമ്മിച്ച് ക്യു സംവിധാനമൊരുക്കും. പന്തലിന്റെയും ബാരിക്കേഡുകളുടെയും ഫിറ്റ്നെസ് ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. നാലാം തീയതി സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ നിർദേശിച്ചു. ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ ക്യുവിൽ നിൽക്കുന്നവർക്ക് കുടിവെള്ളം ലഭ്യമാക്കും. ക്ഷേത്രക്കുളത്തിന്റെ വശങ്ങളും ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കും.
അഗ്‌നിസുരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തുണ്ടാകും. സമീപത്തെ കടകളിലും മറ്റും അഗ്‌നിബാധയുണ്ടാകാതിരിക്കുന്നത് പ്രത്യേക ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി. ക്ഷേത്രത്തിലും സമീപത്തും മുഴുവൻ സമയവും വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. ആവശ്യമെങ്കിൽ സ്ട്രീറ്റ് ലൈറ്റുകൾ അധികമായി സ്ഥാപിക്കും. 24 മണിക്കൂറും കെഎസ്ഇബി ജീവനക്കാരുടെ സേവനം ലഭ്യമാക്കും.
ക്ഷേത്രത്തിനു സമീപത്തെ റോഡുകളുടെ അറ്റകുറ്റപ്പണി 5, 6, 7 തീയതികളിൽ ഒഴിവാക്കും. ജനത്തിരക്ക് കണക്കിലെടുത്ത് അധിക സർവീസുകൾ നടത്താൻ കെഎസ്ആർടിസിക്ക് കത്ത് നൽകും. ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വെറ്ററിനറി ഓഫീസർ ഏർപ്പെടുത്തും. ആനപാപ്പാന്മാരുടെ വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കും.
സമീപത്തെ ജലസ്രോതസുകളുടെ ക്ലോറിനേഷൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തും. അടിയന്തര സാഹചര്യമുണ്ടായാൽ വൈദ്യ സഹായമെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തും. സന്നദ്ധ സംഘടനകളുടെ ഉൾപ്പടെയുള്ള ആംബുലൻസുകൾ സജ്ജമാക്കും.
പരിപാടികളുടെ നടത്തിപ്പിൽ പൂർണമായും ഹരിത മാർഗരേഖ പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കണം. ഉത്സവം കഴിയുമ്പോൾ ക്ഷേത്രവും പരിസരവും മാലിന്യക്കൂമ്പാരമാകുന്ന അവസ്ഥയുണ്ടാകരുത്. രാവിലെയും വൈകിട്ടും മാലിന്യങ്ങൾ നീക്കണം. സമീപത്തെ ഹോട്ടലുകൾക്കും മാലിന്യം നീക്കുന്നത് സംബന്ധിച്ച നിർദ്ദേശം നൽകും. പാർക്കിംഗിനായി ഉപയോഗിക്കുന്ന സ്‌കൂൾ ഗ്രൗണ്ടും ഉപയോഗ ശേഷം ഉടൻ വൃത്തിയാക്കി നൽകണം. അലങ്കാരത്തിനായി പ്ലാസ്റ്റിക്കും ഫ്ളെക്സും ഒഴിവാക്കണം. മാലിന്യം ഇടുന്നതിന് വേസറ്റ് ബിന്നുകൾ സ്ഥാപിക്കണം. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ശുചിത്വ മിഷന് നിർദ്ദേശം നൽകി.
ആരോഗ്യ വകുപ്പും പഞ്ചായത്തും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കടകളിലെ ഭക്ഷണ സാധനങ്ങൾ പരിശോധിക്കും. സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കടകളിലെ വിലവിവര പട്ടിക പരിശോധിച്ച് അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കും.
റവന്യൂ, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യം, കെഎസ്ഇബി, വാട്ടർ അഥോറിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കൺട്രോൾ റൂം തുറന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സ്ഥലത്ത് സജ്ജമാക്കിയിട്ടുള്ള മുഴുവൻ ആംബുലൻസുകളുടെയും വിവരങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമാക്കും. സുരക്ഷയ്ക്കായി ക്ഷേത്ര പരിസരങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കും.
ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെയുള്ള ഭക്തർ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷയൊരുക്കും. എല്ലാ ഭക്തർക്കും സമാധാനപരമായി തൊഴുത് മടങ്ങുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും കളക്ടർ പറഞ്ഞു. കുഭ മാസത്തിലെ മകം നാളിലാണ് മകം തൊഴൽ. 6 ന് ഉച്ചയ്ക്ക് രണ്ടിനാണ് മകം തൊഴലിനായി ശ്രീകോവിൽ നട തുറക്കുന്നത്. 10 മണി വരെ ദർശനമുണ്ടാകും.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, കൊച്ചിൻ ദേവസ്വം ബോർഡ്, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, റവന്യൂ, പൊലീസ്, ഫയർ, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.