പന്തളം: ശബരിമലയിലേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരെ നറുക്കെടുക്കുന്നതിനായി പന്തളം കൊട്ടാരത്തില്‍നിന്നും വലിയതമ്പുരാന്‍ നിര്‍ദേശിച്ച കുട്ടികള്‍ ബുധനാഴ്ച ശബരിമലയിലേക്ക് തിരിക്കും. ഋഷികേശ് വര്‍മയും വൈഷ്ണവിയുമാണ് മേല്‍ശാന്തിമാരെ നറുക്കിട്ടെടുക്കുന്നത്. പന്തളം കൊട്ടാരം വലിയതമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങിയശേഷം തിരുവാഭരണമാളികയുടെ മുന്‍പില്‍ കെട്ടുനിറയ്ക്കും. വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുശേഷം പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രതിനിധികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം ഇരുവരും സന്നിധാനത്തേക്ക് പുറപ്പെടും.

വ്യാഴാഴ്ച രാവിലെ ഉഷഃപൂജയ്ക്ക് ശേഷമാണ് സന്നിധാനത്ത് നറുക്കെടുപ്പ്. ഋഷികേശ് വര്‍മ ശബരിമല മേല്‍ശാന്തിയെയും വൈഷ്ണവി മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുക്കും. കോയിപ്പുറം നെല്ലിക്കല്‍ കൊച്ചിടത്തില്‍ കോവിലകത്തില്‍ ഗിരീഷ് വിക്രമിന്റെയും പന്തളം നടുവിലെ മാളിക കൊട്ടാരത്തില്‍ പൂര്‍ണവര്‍മയുടെയും മകനായ ഋഷികേശ് വര്‍മ ദുബായിലെ പേള്‍ വിസ്ഡം സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പന്തളം വടക്കേടത്ത് കൊട്ടാരത്തില്‍ മിഥുന്റെയും പ്രീജയുടെയും മകള്‍ വൈഷ്ണവി തൃശ്ശൂര്‍ മാള ഹോളി ഗ്രേസ് അക്കാദമിയിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്.