വർക്കല: ശിവഗിരിയിൽ വെച്ച് നാല് വനിതകൾ സന്യാസ ദീക്ഷ സ്വീകരിച്ചു. ശ്രീനാരായണ ഗുരുവിന്റെ ആശ്രമം എന്ന കൃതിയിൽ വ്യവസ്ഥ ചെയ്തതിനെ മാതൃകയാക്കിയാണ് നാലു വനിതകൾ ചിത്രപൗർണമി നാളിൽ സന്യാസ ദീക്ഷ സ്വീകരിച്ചത്. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ധർമവ്രതൻ, സ്വാമിനി ആര്യനന്ദാദേവി എന്നിവർ സന്നിഹിതരായിരുന്നു.

എറണാകുളം അന്നമട സ്വദേശി സുജാത പറമ്പത്തിനെ സ്വാമിനി നാരായണ ചിത് പ്രകാശിനിയെന്നും വയനാട് കേണിച്ചിറയിൽ ശ്രീനാരായണാശ്രമം സ്ഥാപിച്ച് ഗുരു ദർശന പ്രചാരണം നിർവഹിച്ചുവന്ന ലീലയെ സ്വാമിനി നാരായണ ചൈതന്യമയിയെന്നും പത്തനംതിട്ട കൂടൽ മുറിഞ്ഞകൽ ആനന്ദ വിലാസത്തിൽ ആനന്ദവല്ലിയെ സ്വാമിനി നാരായണ ദർശനമയിയെന്നും ആലുവ - തെക്കേവാഴക്കുളത്ത് മേക്കര എം.കെ. ശാരദയെ സ്വാമിനി നാരായണ ചിത് വിലാസിനിയെന്നുമാണ് ഇനി അറിയപ്പെടുക. ദീക്ഷ സ്വീകരിച്ച ശേഷം സന്യാസിനിമാർ മഠത്തിലെ മുതിർന്ന സന്യാസിമാരിൽനിന്ന് അനുഗ്രഹം വാങ്ങി.

ശാരദാമഠം, വൈദിക മഠം, മഹാസമാധി എന്നിവിടങ്ങളിൽ ദർശനം നടത്തി വർക്കലയിലും പ്രാന്തപ്രദേശങ്ങളിലുമായി സന്യാസ വിധിയനുസരിച്ചുള്ള ഭിക്ഷയെടുത്ത് സന്യാസിനിമാർ മഠത്തിൽ സമർപ്പിച്ചു. ഗുരുവിന്റെ ഉപദേശ പ്രകാരം സ്ത്രീകൾക്കായി പ്രത്യേകം ആശ്രമം ഉയർന്നുവരികയാണെന്നും ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറർ ശാരദാനന്ദ സ്വാമി എന്നിവർ അറിയിച്ചു.