- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ സമൂഹത്തിൽ നവോത്ഥാനത്തിന്റെ വെട്ടം വിതറിയ യുഗപുരുഷൻ; സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും ആഹ്വാനം ചെയ്ത ഗുരു; ആ ഇടപെടലുകളും ദർശനവും കേരളത്തെ സാമൂഹിക പരിഷ്‌കരണ വഴിയിലെത്തിച്ചു; ടാഗോറിന്റെ വരവിന്റെ ശതാബ്ദി നിറവിൽ ഇന്ന് ശ്രീനാരായണ ഗുരു ജയന്തി
ശിവഗിരി: കേരളത്തെ നവോത്ഥാന വഴിയിലേക്ക് എത്തിച്ച മഹാ ഗുരുവിന് പ്രണാമം. ചിങ്ങമാസത്തിലെ ചതയ ദിനം. ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമാണ് ഇന്ന്. ഗുരുവിന്റെ 168-ാമത് ജയന്തി ശനിയാഴ്ച ആഘോഷിക്കും. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും ശിവഗിരിയിലും അരുവിപ്പുറത്തുമുൾപ്പെടെ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചിങ്ങത്തിലെ ചതയനാളിൽ പിറന്ന യുഗപുരുഷൻ ശ്രീനാരായണ ഗുരുവിന്റെ ജയന്തിക്ക് നാടെങ്ങും അനുസ്മരണം നടക്കും.
ശിവഗിരി തീർത്ഥാടന നവതിയുടേയും മതമഹാപാഠശാല സുവർണ ജൂബിലിയുടേയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെ ശതാബ്ദി നിറവിലുമാണ് ഈ വർഷത്തെ ജയന്തി ആഘോഷിക്കുന്നത്. ശിവഗിരിയിൽ പുലർച്ചെ 4.30 മുതൽ വിശേഷാൽ പൂജകൾ തുടങ്ങി. രാവിലെ 7.15-ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 9.30-ന് ജയന്തി സമ്മേളനം കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ ജയന്തിസന്ദേശം നൽകും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. അടൂർ പ്രകാശ് എംപി. മുഖ്യപ്രഭാഷണം നടത്തും. സ്വാമി സച്ചിദാനന്ദ രചിച്ച വിശ്വഗുരു ശ്രീനാരായണഗുരു, ശ്രീനാരായണഗുരുവിന്റെ കാവ്യലോകം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങിൽ നടക്കും.
മഹാസമാധിദിനം വരെ തുടരുന്ന ജപയജ്ഞം ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. പ്രവാസി ഭാരതീയ അവാർഡ് ജേതാവ് കെ.ജി.ബാബുരാജനെ ആദരിക്കും. വൈകീട്ട് 4.30-ന് ഗുരുദേവറിക്ഷ എഴുന്നള്ളിച്ചുള്ള ജയന്തി ഘോഷയാത്ര മഹാസമാധിയിൽ നിന്നും പുറപ്പെടും. ഘോഷയാത്രയിൽ ഗുരുദേവ റിക്ഷയും അതിൽ ഗുരുദേവ വിഗ്രഹവും എഴുന്നള്ളിക്കും. അകമ്പടിയായി വിവിധയിനം കലാരൂപങ്ങൾ, താളമേളങ്ങൾ, ഭക്തിഗാനാലാപന സംഘങ്ങൾ, നൃത്തങ്ങൾ, നാസിക് ഡോൾ, ബാൻഡ്മേളം, ശിങ്കാരിമേളം, ഗുരുദേവദർശനം പ്രതിഫലിപ്പിക്കുന്ന ഫ്‌ളോട്ടുകൾ എന്നിവ അണിനിരക്കും.
ഘോഷയാത്ര റെയിൽവേ സ്റ്റേഷൻ, മൈതാനം, പുത്തൻചന്ത, മരക്കടമുക്ക്, കിടാവത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, ശിവഗിരി എസ്.എൻ. കോളേജ് വഴി സഞ്ചരിച്ച് രാത്രി എട്ടിന് മഹാസമാധിയിൽ തിരിച്ചെത്തും. എസ്.എൻ.ഡി.പി. ഉൾപ്പെടെയുള്ള ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും ഗുരുമന്ദിരങ്ങളുടെയും നേതൃത്വത്തിലും വിപുലമായ പരിപാടികളോടെ ഗുരുദേവജയന്തി ആഘോഷിക്കും. ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി.
ഗുരുവിന്റേത് ഉൾപ്പടെയുള്ള നവോത്ഥാന ചിന്തകൾക്ക് തുടർച്ച നൽകിയത് കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഇനിയും നമ്മൾ മുന്നേറണമെന്നും ആ വഴിയിൽ വർഗീയതയും ജാതീയതയും വിദ്വേഷ രാഷ്ട്രീയവും വെല്ലുവിളികളാണെന്നും മുഖ്യമന്ത്രി ശ്രീനാരായണ ഗുര ജയന്തി ദിനത്തിനുള്ള ആശംസ കുറിപ്പിൽ അഭിപ്രായപ്പെട്ടു. സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ആഹ്വാനം ചെയ്തത്. ആ ഇടപെടലുകളും ദർശനവും സമൂഹത്തിലാകെ അനുരണനം സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.
ജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ സമൂഹത്തിൽ നവോത്ഥാനത്തിന്റെ വെട്ടം വിതറിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ശനിയാഴ്ച. സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ആഹ്വാനം ചെയ്തത്. ആ ഇടപെടലുകളും ദർശനവും സമൂഹത്തിലാകെ അനുരണനം സൃഷ്ടിച്ചു. സവർണ്ണ മേൽക്കോയ്മായുക്തികളെ ചോദ്യം ചെയ്താണ് ഗുരു സാമൂഹ്യ പരിഷ്‌ക്കരണ പോരാട്ടങ്ങൾക്ക് തുടക്കമിട്ടത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയാണ് ഗുരുദർശനം.
ഗുരുവിന്റേതുൾപ്പെടെയുള്ള നവോത്ഥാന ചിന്തകൾ ഉഴുതുമറിച്ച കേരളത്തിൽ അതിന് തുടർച്ച നൽകിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കേരളത്തിന്റെ യശസ്സിന്റെയും ഉന്നതിയുടെയും അടിത്തറ ആ തുടർച്ചയിലാണ്. നമ്മുടെ പ്രയാണം ഇനിയും മുന്നേറേണ്ടതുണ്ട്. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഇനിയും ബഹുദൂരം പോകണം. ആ വഴിയിൽ വർഗ്ഗീയതയും ജാതീയതയും വിദ്വേഷരാഷ്ട്രീയവും വെല്ലുവിളികളായി നിലനിൽക്കുന്നു.
ഈ വെല്ലുവിളികളെ മറികടന്ന് മുന്നേറാൻ നമുക്ക് കഴിയണം. മാനവിക ഐക്യത്തെ ശിഥിലീകരിക്കാൻ സങ്കുചിത താല്പര്യങ്ങളെ അനുവദിച്ചുകൂടാ. ഗുരു ചിന്തയും ഗുരുവിന്റെ പോരാട്ട ചരിതവും നമുക്ക് വറ്റാത്ത ഊർജ്ജമാണ്. ഏവർക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ-മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ