- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയുടെ മണ്ണിലെ അരനൂറ്റാണ്ടു നിന്ന ആത്മീയ ചൈതന്യം; വിസ്മയം പോലെ ജീവിച്ചു അനുഗ്രഹം ചൊരിഞ്ഞു; തലയിൽ കൈവെച്ച് കാണുന്നവരിൽ ആത്മീയ അനുഭവമേകി നടന്നു; ശിഷ്യന്മാരിൽ നിന്നും ഒന്നും വാങ്ങാത്ത ഗുരു; തലശേരിക്കാരുടെ തിരുവങ്ങാട് അമ്മ ഇനി ഓർമ്മകളിൽ
കണ്ണൂർ: വിസ്മയം പോലെ ജീവിച്ചു നൂറാംവയസിൽ അവധൂതമാതാ വിടപറഞ്ഞു. തിരുവങ്ങാട് അമ്മയെന്നു വിളിക്കുന്ന ഇവരുടെ സാമീപ്യം അനുഗ്രഹമായി കണ്ടിരുന്ന ഒട്ടേറെയാളുകൾ ഇവർ ഏറെക്കാലം സാന്നിധ്യമായ തലശേരിയിലുണ്ട്. തിരുവങ്ങാട് അമ്മയെന്നാണ് ഇവരെ നാട്ടുകാർ വിളിച്ചിരുന്നത്.
തിരുവങ്ങാട്ടെയും തലശേരിയിലെയും വഴികളിലൂടെ തലയിൽ കൈവച്ചാണ് കാണുന്നവരിൽ ആത്മീയ അനുഭവമേകി നടന്നു പോയിരുന്നത്. മൗനമായി മറ്റുള്ളവരെ നോക്കുകയല്ലാതെ ഒന്നും സംസാരിക്കാതിരിക്കുകയാണ് ഇവരുടെ രീതി. അതീന്ദ്രിയ ലോകത്ത് ജീവിക്കുന്നതു കൊണ്ടാവും തന്നെ ആത്മീയ ഗുരുവായി കാണുന്നവരിൽ നിന്നും പണമോ പാരിതോഷികമോ ഭക്ഷണമോ,വസ്ത്രമോ വാങ്ങിയിരുന്നില്ല.
എന്നാൽ കീഴന്തിമുക്കിലെ വസതിയിലെത്തുന്നവർക്ക് തലയിൽ കൈവെച്ചുഅനുഗ്രഹം നൽകാൻ പിശുക്കുകാട്ടിയിരുന്നുമില്ല. വെള്ളിയാഴ്‌ച്ച വൈകുന്നേരം അഞ്ചേ മുക്കാലിനാണ് തിരുവങ്ങാട്ട് അമ്മ അന്തരിച്ചത്. അരനൂറ്റാണ്ടു മുൻപ് തലശേരിയിലെത്തിയ ഇവരുടെ ജന്മദേശം കർണാടകയോ ആന്ധ്രാപ്രദേശോയാണെന്നാണ് കരുതുന്നത്. നേരത്തെ കണ്ണൂർ ബർണശേരിയിൽ സ്ഥിരമായി ഒരു മരചുവട്ടിൽ ഇവരെ കാണാറുണ്ടായിരുന്നു.
അവധൂത മാതയുടെ ആത്മീയ ചൈതന്യത്തിൽ ആകൃഷ്ടനായ തലശേരി തിരുവങ്ങാട്ടെ ശ്രീനിവാസിലെ പി.വി ജയകുമാർ കണ്ണൂരിലെ തന്റെ സഹോദരിയുടെ വീട്ടിലേക്ക് ഇവരെ കൂട്ടിക്കൊണ്ടു പോയി. പിന്നീട് മടപ്പള്ളിയിലും അവിടെ നിന്നും തലശേരി കീഴന്തിമുക്കിലുമെത്തി. ഇവരുടെ സാമീപ്യം തന്നെ അനുഗ്രഹമായി കണ്ട വിവിധ മതവിശ്വാസികൾ തലശേരിയിലുണ്ടായിരുന്നു. ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒട്ടേറെ അനുയായികളും അവധൂത മാതയ്ക്കു തലശേരിയിലുണ്ട്. അവരിൽ പലരും യോഗാചാര്യന്മാർ കൂടിയാണ്.
അവധൂതമാതയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വടകര സിദ്ധാശ്രമത്തിലെ സന്യാസിമാരുടെ കാർമികത്വത്തിൽ മടപ്പള്ളി ബീച്ചുറോഡിലെ അവധൂത മഠത്തിൽ നടക്കും. അവധൂതമാതാ വിടപറഞ്ഞതോടെ തലശേരിയുടെ മണ്ണിലെ അരനൂറ്റാണ്ടു നിന്ന ആത്മീയ ചൈതന്യമാണ് ഇല്ലാതാവുന്നത്. തിരുവങ്ങാട്ടെ അമ്മയെ കേട്ടറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും തിരുവങ്ങാട്ട് നൂറുകണക്കിനാളുകൾ എത്താറുണ്ടായിരുന്നു. ഇവരെ കുറിച്ചു കേട്ടറിഞ്ഞ് വിദേശികളും തലശേരിയിൽ എത്താറുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്