- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂത്തുലഞ്ഞു തൃശ്ശൂർപൂരം; കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെ പൂരത്തിന് ആരംഭം; പിന്നാലെ ഘടക പൂരങ്ങളും എത്തിത്തുടങ്ങി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കൂടി പൂരനഗരിയിലേക്ക് പ്രവേശിച്ചതോടെ പൂരം ആവേശ കൊടുമുടിയിൽ
തൃശൂർ: ഒരേ താളത്തിലും വികാരത്തിലുമായി തൃശ്ശൂർപൂരം കൊട്ടിക്കയറി. വടക്കുന്നാഥന്റെ മണ്ണിൽ ആർത്തുവിളിച്ച് ജനം തമ്പടിച്ചതോടെ അക്ഷരാർത്ഥത്തിൽ തൃശൂർ പൂരലഹരിയിലായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കൂടി പൂരനഗരിയിലേക്ക് പ്രവേശിച്ചതോടെ പൂരത്തിന് ആവേശംകൂടി. നിമിഷങ്ങൾക്കുള്ളിൽ മഠത്തിൽവരവ് പഞ്ചവാദ്യം കൊട്ടിക്കയറും.
പൂരമാസ്വദിക്കാൻ തൃശൂരുകാർ മാത്രമല്ല, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള പൂരപ്രേമികളാണ് തൃശൂരിലെത്തിയിരിക്കുന്നത്. തേക്കിൻകാട് മൈതാനത്ത് പൂരാവേശത്തിൽ ലയിച്ച് പതിനായിരങ്ങളാണുള്ളത്. കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെ തൃശ്ശൂർ പൂരത്തിനാരംഭം കുറിച്ചു. പിന്നാലെ ഘടകപൂരങ്ങളും വന്നുതുടങ്ങി.
രാവിലെ 11-ന് മഠത്തിൽ വരവ് പഞ്ചവാദ്യവും അരങ്ങേറി. ഉച്ചയ്ക്ക് 12.30-ന് പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ ചെമ്പട മേളവും അരങ്ങേറും. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് വടക്കേമഠത്തിലെ ഇറക്കിപൂജ കഴിഞ്ഞു കയറിവരുന്ന വരവാണ് മഠത്തിൽവരവ്. പഞ്ചവാദ്യ മധുരം സ്വീകരിക്കാൻ വൻ ജനാവലിയായിരിക്കും ഉണ്ടാകുക. കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തിൽ കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളവും ഉണ്ടാകും.
തുടർന്ന് ഉച്ചയ്ക്ക് 12.15 ന് പാറമേക്കാവിന്റെ എഴുന്നെള്ളത്ത് അരങ്ങേറും. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളവും നടക്കും. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും. നാളെ ഉച്ചയോടെ പൂരം സമാപിക്കും. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണെത്തുന്നത്. നഗരത്തിൽ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
അടിമുടി ആനച്ചന്തമാണ് തൃശ്ശൂർ പൂരം. തേക്കിൻകാട് മെതാനത്ത് തിങ്ങിക്കൂടിയ ജനങ്ങൾക്ക് മുമ്പിൽ തല ഉയർത്തി കൊമ്പന്മാർ നിൽക്കും. ഗജവീരൻ തെച്ചിക്കോട്ട് രാമചന്ദ്രൻ തിടമ്പേറ്റുന്നു എന്നതും പൂരപ്രേമികളെ ആവേശത്തിലാഴ്‌ത്തുന്ന ഒന്നാണ്. നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി തേക്കേനട തുറന്ന് പൂര വിളംബരം ചെയ്തിരുന്ന രാമൻ ഇക്കുറി പൂരത്തിന് ആണ് നെയ്കലക്കാവിലമ്മ യുടെ തിടമ്പേറ്റി വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്.
അതേസമയം പൂരത്തോട് അനുബന്ധിച്ച് ഇക്കുറി കനത്ത മഴയും ഉണ്ടാകുമെന്ന ആശങ്കയുണ്ട്. ശക്തമായ മഴസാധ്യത മുൻനിർത്തി ഞായറാഴ്ച തൃശ്ശൂർ , എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലുമായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ. ഛത്തീസ്‌ഗഢ് മേഖലവരെ ന്യൂനമർദപ്പാത്തിയും രൂപപ്പെട്ടു.
മറുനാടന്‍ മലയാളി ബ്യൂറോ