- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി
തൃശൂർ: തൃശ്ശൂർ പൂരം കൊട്ടിക്കരയറി തുടങ്ങി. തേക്കിൻകാട് മൈതാനത്തും രാജവീഥിയുമെല്ലാം സജീവമാണ്. ആനകൾക്കും മേളങ്ങൾക്കുമൊപ്പം പുരുഷാരം നിറഞ്ഞു തുടങ്ങും. കൊട്ടുംകുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാർ അടഞ്ഞുകിടന്ന തെക്കേഗോപുരവാതിൽ ഇന്നലെ രാവിലെ തുറന്നതോടെ പൂര വിളംബരമായി.
കണ്ണടച്ചാലും മായാത്ത വർണങ്ങളുടെ, കാതിൽ കൊട്ടിക്കയറുന്ന ചടുലതാളങ്ങളുടെ നിറവിലേക്കു നാടും നഗരവും ഉണർന്നുകഴിഞ്ഞു. ഇന്നു മഹാപൂരം. രാവിലെ മഞ്ഞും വെയിലും കൊള്ളാതെ കണിമംഗലം ശാസ്താവ് തെക്കേഗോപുരനട തുറക്കുന്നതോടെ ഇരവു പകലാക്കുന്ന ജനസാഗരമായി പൂരനഗരി മാറും. മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ഇക്കുറി റിക്കാർഡ് ജനം എത്തുമെന്നാണു പൊലീസിന്റെ കണക്കുകൂട്ടൽ. വൻ പൊലീസ് സംഘമാണ് ഇന്നലെമുതൽ നഗരത്തിലെ മുക്കിലും മൂലയിലും കാവൽ നിൽക്കുന്നത്.
വൈകുന്നേരം കുടമാറ്റത്തിനുശേഷം രാത്രിയിൽ എഴുന്നള്ളിപ്പുകളുടെ ആവർത്തനം. നാളെ ഉച്ചയോടെ ശ്രീമൂലസ്ഥാനത്ത് ഉപചാരംചൊല്ലി പിരിയുന്നതുവരെ നഗരത്തിന്റെ മുക്കിലും മൂലയിലും പൂരം, പൊടിപൂരം.
കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.
പൂരത്തിന്റെ മുഖ്യ പങ്കാളിത്തം തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങൾക്കാണ്. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിൽ ഒന്നായ ബാലികാഭാവത്തിലുള്ള ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി. എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.
പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുംനാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണ് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങൾക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങൾക്ക് അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുംനാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് ആണ് പൂരത്തിൽ പങ്കെടുക്കാൻ ആദ്യം എത്തുന്നത്.
പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. തലേന്ന് നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാകുന്നത്.
തിരുവമ്പാടി ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ ചടങ്ങുകൾ:
വെള്ളിയാഴ്ച രാവിലെ 7.30ന് പുറത്തേയ്ക്ക് എഴുന്നള്ളിപ്പ്. ഷൊർണൂർ റോഡ്, നായ്ക്കനാൽ, റൗണ്ട് വഴി പഴയ നടക്കാവിലേക്ക്. മൂന്ന് ആന, നടപാണ്ടി സഹിതം 10.15 നോട് കൂടി മഠത്തിൽ ഇറക്കിപൂജ. രാവിലെ 11.30ന് പാണികൊട്ടി പഞ്ചവാദ്യം ആരംഭിക്കുന്നു. മഠത്തിൽ വരവിന്റെ തുടക്കത്തിൽ മൂന്ന് ആനകൾ. റൗണ്ട് എത്തിയാൽ ഏഴ് ആനകളായി മാറും (11.30ന് നായ്ക്കനാൽ വരെ പഞ്ചവാദ്യം)
നായ്ക്കനാലിൽ ഉച്ചതിരിഞ്ഞ് 3ന് എത്തുന്നതോടെ പഞ്ചവാദ്യം കഴിഞ്ഞ് ചെണ്ടമേളം ആരംഭിക്കുന്നു. 15 ആനകൾ ശ്രീമൂലസ്ഥാനത്ത് എ്ത്തുന്നതോടെ 4.45ന് പാണ്ടിമേളം അവസാനിക്കുന്നു.
ആനകളും വാദ്യക്കാരും പടിഞ്ഞാറെ ഗോപുരം വഴി അകത്ത് പ്രവേശിച്ച് വൈകീട്ട് 5.10ന് ആനകൾ തെക്കേഗോപുരം ഇറങ്ങി നിരന്ന് നിൽക്കുന്നു. 5.30ന് കുടമാറ്റം. 6.30ന് കുടമാറ്റം കഴിഞ്ഞ് തിരുവമ്പാടി ഭഗവതി എംഒ റോഡിൽ കൂടി നീങ്ങി രാജാവിന്റെ പ്രതിമ വരെ പോയി തിരിച്ച് റൗണ്ടിൽ എത്തി 15 ആനകളുമായി നിരന്ന് നിൽക്കുന്നു.
ശേഷം എഴുന്നള്ളിപ്പ് ആന തേക്കിൻകാട്ടിൽ കൂടി പഴയനടക്കാവ് വഴി ആരംഭത്തിൽ നിൽക്കുന്നതോടെ ചിറക്കൽ കാണിപൂജ നടത്തി മഠത്തിലേക്ക് ആനയിക്കുന്നു. 7.30ന് മഠത്തിൽ ഇറങ്ങി പൂജ.
രാത്രി 11.30ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മഠത്തിൽ നിന്ന് മൂന്ന് ആനയുടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നു. ശനിയാഴ്ച പുലർച്ചെ 2.30ന് നായ്ക്കനാൽ പന്തലിൽ എഴുന്നള്ളിപ്പ് അവസാനിക്കുന്നു. മൂന്നിനും ആറിനും ഇടയിലാണ് പ്രധാനവെടിക്കെട്ട്.രാവിലെ 8.30ന് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തോട് കൂടി ശ്രീമൂലസ്ഥാനത്തേയ്ക്ക് പോകുന്നു. നായ്ക്കനാൽ മുതൽ ശ്രീമൂലസ്ഥാനം വരെ കുടമാറ്റവും ഉണ്ടായിരിക്കും.
ഉച്ചയ്ക്ക് 12.30ന് ഒരുമണിക്കും ഇടയിലാണ് സമാപന വെടിക്കെട്ട്. ശ്രീമൂലസ്ഥാനത്ത് രണ്ടു ഭഗവതിമാരും വിടച്ചൊല്ലി തിരിച്ചുപോകുന്നു. വൈകീട്ട് അഞ്ചിന് അമ്പലത്തിൽ ആറാട്ടിന് വേണ്ടി മഠത്തിലേക്ക് പുറപ്പെടുന്നു. വൈകീട്ട് 6.15ന് അമ്പലത്തിൽ മടങ്ങിയെത്തുന്നു. രാത്രി എട്ടിന് ഉത്രംവിളക്ക് നടത്തി ഭക്തർ കൊടിയിറക്കുന്നതോടെ പൂരത്തിന്റെ പരിസമാപ്തി കുറിക്കുന്നു.
പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലെ ചടങ്ങുകൾ:
പൂരം കൊടിയേറ്റത്തിന് ശേഷം ഭഗവതി നേരിട്ട് എല്ലാ ദേശങ്ങളിലും എഴുന്നള്ളി ദോഷങ്ങളെയും ദുരിതങ്ങളെയും അകറ്റി ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകുന്നു എന്നാണ് സങ്കൽപ്പം. കൊടിയേറ്റം മുതൽ കൊടിയിറങ്ങുന്നതുവരെ എല്ലാ ദിവസവും ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ ഭഗവതിക്ക് പറ സമർപ്പിക്കാൻ പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
ഭഗതവതിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച ശേഷം കവുങ്ങിൻ കൊടിമരം ദേശക്കാർ ഉയർത്തുന്നതോടെ പൂരത്തിന് തുടക്കമായി. ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാൽ തറയിലെ അരയാലിന്റെ മുകളിലും സിംഹചിഹ്നമുള്ള മഞ്ഞക്കൊടികളാണ് ഉയർത്തുന്നത്.
കൊടിയേറ്റത്തിന് മുന്നോടിയായി തലേന്ന് ക്ഷേത്രം തന്ത്രിയുടെയും മേൽശാന്തിയുടെയും കാർമികത്വത്തിൽ ശുദ്ധിക്രിയകളും പ്രത്യേക ഹോമങ്ങളും നടത്തുന്നുണ്ട്. ദിവസവും നടക്കുന്ന ആറാട്ടുചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രിമാർ കാർമികത്വം വഹിക്കുന്നു. ആറാട്ടുകടവിൽ തന്ത്രിപൂജ, മഞ്ഞൾപ്പൊടി കൊണ്ട് അഭിഷേകം, മലർ നിവേദ്യം, പൂജ എന്നിവ പ്രത്യേകമായി നടക്കും.
വെള്ളിയാഴ്ച ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിന്റെ പൂരം തുടങ്ങുന്നത്. പൂരത്തിൽ പങ്കുചേരുവാനായി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ സർവ്വാലങ്കാര വിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നള്ളുന്നു. പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നിന്നു തുടങ്ങുന്ന ചെമ്പട മേളം അവസാനിച്ച് അതിനു ശേഷം പാണ്ടിമേളം തുടങ്ങുന്നു. ഇതിനോടൊപ്പം ചെറിയ തോതിലുള്ള ഒരു കുടമാറ്റവും നടക്കുന്നു. പാണ്ടിമേളം ഒരു കലാശം കഴിഞ്ഞ് എഴുന്നള്ളത്ത് വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയിൽ എത്തുന്നു.
പിന്നീടാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ കുലപതികളാണ് പങ്കെടുക്കാറ്. കൂത്തമ്പലത്തിനു മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാർത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്.
വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് തെക്കോട്ടിറക്കം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്.
പാറമേക്കാവിന്റെ 15 ആനകൾ തെക്കോട്ടിറങ്ങി പഴയന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് പോയി ഭഗവതിയെ വണങ്ങിയ ശേഷം നിരന്നു നിൾക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിൽക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.
കൊടിയിറക്ക് ദിവസം പാറമേക്കാവ് ഭഗവതി പടിഞ്ഞാറെ ചിറയിൽ സന്ധ്യയ്ക്ക് ആറാട്ട് നടത്തി മൂന്ന് ആനകളോടെ പഞ്ചാവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ എത്തിയ ശേഷം നൂറിൽപ്പരം കലാകാരന്മാരുടെ പാണ്ടിമേളത്തോടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. ഏഴ് പ്രദക്ഷിണം ചെയ്ത് ഇറക്കി എഴുന്നള്ളിപ്പ് അവസാനിക്കുകയും ആന കൊടിമരം ഇളക്കിമാറ്റുകയും ചെയ്യുന്നതോടെ പൂരച്ചടങ്ങുകൾ അവസാനിക്കുന്നു.