തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് മുന്നൊരുക്കങ്ങൾ നടത്താൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. നവംബർ 11 മുതൽ 20 വരെ നടക്കുന്ന തിരുന്നാൾ പൂർണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ തോതിൽ തീർത്ഥാടകർ ഇത്തവണ തിരുന്നാളിനെത്താൻ സാധ്യതയുള്ളതിനാൽ അത് മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷക്കും പൊലീസ് പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. തിരുന്നാൾ ദിവസങ്ങളിൽ മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിൽപ്പനയും ഉപയോഗവും നിയന്ത്രിക്കാനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തും. തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും കിഴക്കേക്കോട്ട, തമ്പാനൂർ എന്നിവിടങ്ങളിൽ നിന്നും ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യവുമുണ്ടാകും. റോഡുകളുടെ അറ്റകുറ്റപ്പണിയും കേടായ തെരുവുവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതും അടിയന്തരമായി പൂർത്തിയാക്കും. ഉത്സവപ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങൾ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നടത്തും. ഗതാഗതം തടസപ്പെടുത്തിയുള്ള വഴിയോരക്കച്ചവടത്തിനും കടൽത്തീരത്തെ കച്ചവടത്തിനും നിരോധനം ഏർപ്പെടുത്തും. ഉത്സവപ്രദേശങ്ങളിൽ യാചക നിരോധനം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.

നഗരസഭാ കൗൺസിലർമാരായ സെറാഫിൻ ഫ്രെഡി, ക്ലൈനസ് റൊസാരിയോ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഡി.ആർ അനിൽ, ജമീല ശ്രീധരൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ജോസ് ജെ, ഇടവക വികാരി റവ.ഡോ.ജോർജ് ജെ ഗോമസ്, ഇടവക സെക്രട്ടറി ഷാജി ഡിക്രൂസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.