തിരുവനന്തപുരം: ഇന്ന് വിജയദശമി. ആദ്യാക്ഷരത്തിന്റെ അറവ് നുകർന്ന് വിദ്യാരംഭ ചടങ്ങുകൾ രാവിലെ മുതൽ തുടങ്ങി. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ശരത്കാലത്തിന്റെ ആദ്യപക്ഷത്തിലെ പത്താം ദിവസമാണ് വിജയദശമി. ഒമ്പതു ദിവസം എല്ലാ അർഥത്തിലും നവരാത്രി. എട്ടാംദിവസം ദുർഗാഷ്ടമിയും ഒമ്പതാം ദിവസം മഹാനവമിയും. ദുർഗാപൂജയും സരസ്വതീപൂജയും ഒപ്പം ആയുധപൂജയും ഗന്ഥപൂജയും കഴിഞ്ഞാൽ വിദ്യാരംഭത്തിന്റെ പുണ്യ ദിനം.

എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ വിദ്യാരംഭം തുടങ്ങി. 50 ആചാര്യന്മാർ ആണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകുന്നത്. കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലും വലിയ തിരിക്കാണ് അനുഭവപ്പെടുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. മുപ്പത്തി അഞ്ച് ആചാര്യന്മാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്.

എല്ലാവിദ്യയും വെളിച്ചമാണ്. താമസത്വത്തിനുമേൽ സാത്വികത നേടുന്ന വിജയമായമാണ് വിജയദശമി. അകക്കണ്ണുതുറപ്പിക്കുന്നതാണ് വിദ്യ. ആ അറിവിലേക്ക് കുരുന്നകുളെ വിജയദശമി ദിനത്തിൽ നയിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യ മൂന്ന് നാൾ ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് നാൾ ലക്ഷിമിയായും അവസാന മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തിൽ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങൾക്കാണ് നവരാത്രി ആഘോഷത്തിൽ പ്രാധാന്യം.

പഞ്ചപാണ്ഡവന്മാർ നവരാത്രി ദിവസം ആയുധങ്ങൾ വച്ച് പൂജിച്ചതിനാൽ ആയുധപൂജ എന്നും അറിയപ്പെടുന്നു. നവരാത്രിയെ വിജയനവരാത്രിയെന്നും ദുർഗ്ഗാ നവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജയും നവരാത്രി ആഘോഷങ്ങളും നടക്കുന്നതെന്നാണ് വിശ്വാസം. ദേവി വിജയം വരിച്ച കാലമാണ് വിജയദശമി. മഹിഷാസുരൻ, ചണ്ഡാസുരൻ, രക്തബീജൻ, ശുംഭനിശുംഭന്മാർ ,ധൂമ്രലോചനൻ, മുണ്ഡാസുരൻ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്ത അവതാരങ്ങളും അതിൽ നേടിയ വിജയവുമാണ് നവരാത്രി ആഘോഷത്തിന് കാരണമായത്. രാമകഥയുടെ ഓർമയ്ക്കായാണ് ഈ ദിനത്തിൽ രാവണ പ്രതിമ അഗ്‌നിക്കിരയാക്കുന്ന ചടങ്ങ് വടക്കേ ഇന്ത്യയിൽ ആചരിക്കുന്നത്.

വിദ്യാസമ്പന്നതയ്ക്കും ഐശ്വര്യത്തിനും വേണ്ടിയാണ് നവരാത്രി വ്രതം നോൽക്കുന്നത്. മഹാനവമിയിലെ അടച്ചു പൂജയിൽ നിന്ന് ജ്ഞാനത്തിന്റേയും പ്രകാശത്തിന്റേയും വിജയത്തിലേക്ക് തുറക്കുന്ന ദിവസമാണ് വിജയദശമി. കേരളത്തിൽ കുരുന്നുകൾ വിദ്യാരംഭം നടത്താറുള്ളത് വിജയദശമീ ദിനത്തിലാണ്. വാദ്യ-നൃത്തൃ സംഗീത കലകളുടേയും ആദ്യാക്ഷരം കുറിക്കാൻ വിജയദശമി നാളിൽ നിരവധി പേരെത്തുന്നു.

വിജയദശമി ദിവസം രാവിലെ കുളിച്ചു ശുദ്ധമായശേഷം പാർത്ഥനക്ക് ശേഷം പൂജ എടുക്കാം. അരച്ചെടുത്ത ചന്ദനത്തിൽ തുളസിയില തൊട്ടു പുസ്തകത്തിലും ഉപകരണത്തിലും വച്ച് വേണം പൂജയെടുക്കാൻ. പൂജയെടുത്ത ശേഷം ആദ്യം ഗണപതിയെയും വിദ്യാദേവതയായ സരസ്വതിയെയും ദക്ഷിണാമൂർത്തിയെയും നവഗ്രഹങ്ങളെയും ശ്രീകൃഷ്ണനെയും പൂജിക്കണം. കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്.

അതിന് ശേഷം മണലിലോ ഉണക്കലരിയിലോ 'ഓം ഹരിശ്രീ ഗണപതായെ നമ: അവിഘ്‌നമസ്തു 'എന്ന് മലയാള അക്ഷരമാല എഴുതണം. അതിന് ശേഷം പുസ്തകം പൂജ വെച്ചവർ അതിന്റെ ഒരു ഭാഗം വായിക്കണം. മുതിർന്നവർ പുണ്യ ഗ്രന്ഥങ്ങൾ പകുത്തു വായിക്കാം . ഉപകരണങ്ങൾ പൂജ വെച്ചവർ അത് ദേവി തന്നെ ഏൽപ്പിച്ച കർമമെന്ന് മനസ്സിൽ കരുതി ഉപയോഗിക്കുക.

ഹൈന്ദവാചാരങ്ങളിൽ വിശ്വസിക്കുന്ന എല്ലാ മലയാളികളും ഓരോ പ്രദേശത്തേയും ജീവിത രീതിയുടെയും മറ്റും അടിസ്ഥാനത്തിൽ ഗ്രന്ഥങ്ങൾ പണിയായുധങ്ങൾ എന്നിവ ദേവീ സന്നിധിയിൽ പൂജിച്ച് വയ്ക്കുകയും വിജയദശമി ദിനം അവ പ്രാർത്ഥനയോടെ തിരികെ എടുക്കും. വിദ്യക്കും ജീവിതവൃത്തിക്കും അധിപയായ ദേവിയുടെ അനുഗ്രഹം നേടി എടുക്കുകയാണ് ഈ ആരാധനക്ക് പിന്നിൽ.