തിരുവനന്തപുരം: ശബരിമലയിൽ മാസപൂജയ്ക്കും തീർത്ഥാടകരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചു. മാസപൂജയ്ക്കായി നടതുറക്കുമ്പോൾ വെർച്വൽ ക്യൂവിലൂടെ പ്രവേശിപ്പിക്കുന്ന പരമാവധി തീർത്ഥാടകരുടെ എണ്ണം അമ്പതിനായിരമാക്കി. മാസപൂജയ്ക്ക് നടതുറക്കുന്നത് മലയാളമാസം അവസാനദിവസം വൈകീട്ടായതിനാൽ അന്ന് 25,000 തീർത്ഥാടകരെ മാത്രമേ അനുവദിക്കൂ.

മാസപൂജയ്ക്ക് മിക്കപ്പോഴും ഇതിലും താഴെയാണ് തീർത്ഥാടകരുടെ എണ്ണമെന്ന് ദേവസ്വം ബോർഡ് പറയുന്നു. എങ്കിലും ക്രമീകരണങ്ങളിൽ വീഴ്ച ഉണ്ടാകാതിരിക്കാനാണ് മാസപൂജയ്ക്കും പരിധി നിശ്ചയിച്ചത്. അതേസമയം വെർച്വൽ ക്യൂവിലൂടെ ദർശനത്തിന് എത്തുന്നവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തും. ഇൻഷുറൻസിന്റെ നടത്തിപ്പിന് അടുത്ത തീർത്ഥാടനംമുതൽ ബുക്കിങ് സമയത്ത് 10 രൂപ ഈടാക്കും. അടുത്ത തീർത്ഥാടനത്തിന്റെ ഒരുക്കം ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ.

നിലവിലെ ഇൻഷുറൻസ് പദ്ധതിയിൽ ചെറിയ ആനുകൂല്യമാണ് നൽകുന്നത്. അതിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധവുമല്ല. ഇൻഷുറൻസ് വിപുലമാക്കുന്നതിന് കമ്പനികളിൽനിന്ന് താത്പര്യപത്രം ക്ഷണിക്കും. സ്ത്രീകളെയും കുട്ടികളെയും പ്രത്യേകം ബാരിക്കേഡിലൂടെ കടത്തിവിടുകയും അപ്പം, അരവണ പ്രസാദവിതരണ കൗണ്ടറുകളിൽ ആദ്യ ക്യൂ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റിവെയ്ക്കുകയും ചെയ്യും. സ്പോൺസർമാരുടെ യോഗം ജൂൺ ആദ്യവാരം പമ്പയിൽ നടക്കുന്നുണ്ട്.

അരവണ പ്ലാന്റിൽ കൗണ്ടിങ് സെൻസർ

*അരവണയുടെ കണക്കെടുക്കാൻ പ്ലാന്റിൽ സെൻസർ സംവിധാനം. കൗണ്ടറിലെ അറിയിപ്പുകൾ മൈക്കിലൂടെ.

*നിലയ്ക്കൽ പാർക്കിങ്ഗ്രൗണ്ടിലും സന്നിധാനത്തും സുരക്ഷയ്ക്ക് കൂടുതൽ വിമുക്തഭടന്മാർ.

*അന്നദാന മാലിന്യം, മനുഷ്യവിസർജ്യം എന്നിവ ഇന്ധനമാക്കുന്നതിനായി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ സർക്കാരിന്റെയും സ്പോൺസർമാരുടെയും സഹായം തേടും.

*വഴിപാട് കൗണ്ടറുകളിലും പൊതുസ്ഥലങ്ങളിലും എൽ.ഇ.ഡി. മോണിറ്റർ.

*അന്നദാനമണ്ഡപത്തിൽ ഭക്തർക്ക് കൂപ്പൺ നൽകുന്നതിനുപകരം പി.ഒ.എസ്. മെഷീൻ വഴി ടോക്കൺ.

*ഡോളിക്ക് പ്രീപെയ്ഡ് രജിസ്ട്രേഷൻ, ക്യൂ.ആർ.കോഡ്, ആർ.എഫ്.ഐ.ഡി. സ്‌കാനിങ്ങ്.

* സ്പെഷ്യൽ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർക്ക് താമസസ്ഥലം മുൻകൂർ നിശ്ചയിക്കും.