ശബരിമല: തിരക്ക് നിയന്ത്രണാതീതമായതോടെ ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് 20,000 പേര്‍ക്ക് മാത്രമാക്കും. നിലവില്‍ മുപ്പതിനായിരത്തിലധികംപേര്‍ ഇങ്ങനെ എത്തുന്നതാണ് തിരക്ക് നിയന്ത്രണാതീതമാക്കിയത്. നിലയ്ക്കലില്‍ ഏഴ് ബുക്കിങ് കേന്ദ്രങ്ങള്‍കൂടി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. സ്‌പോട്ട് ബുക്കിങ്ങിന് കൂടുതല്‍പ്പേര്‍ എത്തിയാല്‍ അവര്‍ക്ക് അടുത്തദിവസം ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കും.

വെര്‍ച്വല്‍ ക്യൂ വഴി 70,000 പേര്‍ക്കും സ്‌പോട്ട് ബുക്കിങ് വഴി 20,000 പേര്‍ക്കുമാണ് ദര്‍ശനം അനുവദിക്കുന്നത്. സന്നിധാനത്തെ തീര്‍ഥാടകര്‍ ഒഴിയുന്നമുറയ്ക്ക്, നടപ്പന്തലിലേക്ക് കടത്തിവിടും. കുടിവെള്ളവും ലഘുഭക്ഷണവും ചുക്കുകാപ്പിയും ലഭ്യമാക്കും. ഇതിനായി ക്യൂ കോംപ്ലക്‌സില്‍ 200 ജീവനക്കാരെ അധികമായി നിയോഗിച്ചു. ശൗചാലയ ശുചീകരണത്തിന് 200 ജീവനക്കാരെ അധികമായി എത്തിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു.

മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ഇതുവരെ ദര്‍ശനത്തിനായി 1,96,594 പേര്‍. ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടതുറന്നശേഷ 53278 പേരെത്തി. തിങ്കളാഴ്ച 98,915 പേര്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെമാത്രം 44,401 പേര്‍ ദര്‍ശനം നടത്തി.