- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകരവിളക്ക് തിരക്കുസമയത്തെ സമയക്രമീകരണം മണ്ഡലകാലത്തിന്റെ തുടക്കത്തിൽത്തന്നെ ഏർപ്പെടുത്തി; ശബരിമല നട തുറന്നത് 18 മണിക്കൂർ; സ്വാമിമാർക്ക് സുഖദർശനം
ശബരിമല: ശബരിമലയിലെ ദർശനം ഇക്കുറി വളരേ എളുപ്പത്തിൽ പോകുന്നു. മകരവിളക്ക് തിരക്കുസമയത്തെ സമയക്രമീകരണം മണ്ഡലകാലത്തിന്റെ തുടക്കത്തിൽത്തന്നെ ശബരിമലയിൽ ഏർപ്പെടുത്തിയതാണ് ഗുണകരമായത്. ഇക്കാരണത്താൽ സുഖദർശനം സാധ്യമായെന്ന് ഭക്തർ. തിരക്ക് നിയന്ത്രിക്കാൻ പെടാപ്പാടുപെടേണ്ട സ്ഥിതി ഒഴിവായെന്ന് പൊലീസുകാർ. സൗകര്യപ്രദമായതിനാൽ ഈ രീതി തുടരുമെന്ന് ദേവസ്വം അധികൃതർ.
പുലർച്ചെ മൂന്നിനും ഉച്ചകഴിഞ്ഞ് മൂന്നിനും നടതുറക്കുന്നതിനാൽ സന്നിധാനത്ത് തിക്കുംതിരക്കും ഇല്ല. അതേസമയം, വലിയതോതിൽ ഭക്തർ എത്തുന്നുമുണ്ട്. ഉച്ചയ്ക്ക് മൂന്നിന് ശബരിമല നട തുറക്കുന്നത് അപൂർവമാണ്. ചൊവ്വാഴ്ച മുതലാണ് ഇത് നിലവിൽ വന്നത്. ഇതോടെ, വൈകീട്ടത്തെ പൂജകൾക്കായി ആദ്യം നട തുറക്കുന്ന ക്ഷേത്രവും ശബരിമലയായി.
നവംബർ 17-ന് മണ്ഡലകാലം തുടങ്ങിയ ദിവസം പുലർച്ചെ മൂന്നിന് നട തുറന്നതും ശബരിമലയുടെ ചരിത്രത്തിൽ ആദ്യം. പിന്നീട് ആ സമയം മാറ്റിയിട്ടില്ല. ദദർശനത്തിനുള്ള ക്യൂവിൽനിന്നാണ് സ്വാമിമാരുടെ സമയം മുഴുവൻ ഇത്രനാളും പൊയ്‌ക്കൊണ്ടിരുന്നത്. ഇപ്പോൾ, ദർശനവും നെയ്യഭിഷേകവും കഴിഞ്ഞ് പ്രസാദംവാങ്ങി അയ്യപ്പന്മാർ വേഗം മലയിറങ്ങുന്നു.
അപ്പം, അരവണ എന്നിവ വേഗത്തിൽ കിട്ടുന്നുമുണ്ട്. ഓൺലൈനിൽ പണമടച്ച് അപ്പവും അരവണയും വാങ്ങുന്നവരുടെ എണ്ണം മുൻവർഷത്തെക്കാൾ കൂടിയെന്ന് ഇത് കൈകാര്യം ചെയ്യുന്ന ധനലക്ഷ്മി ബാങ്ക് അധികൃതർ പറഞ്ഞു.
ഒരു ദിവസം പരമാവധി 1,20,000 പേർക്ക് ദർശനം നടത്താനാണ് വെബ്‌സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഇതുവരെയുള്ള ദിവസങ്ങളിൽ ശരാശരി 65,000 പേർ ദർശനം നടത്തിയെന്നാണ് കണക്ക്. നിലവിലെ കണക്കുവെച്ച് അടുത്ത ശനിയാഴ്ചയും തിങ്കളാഴ്ചയും നല്ല തിരക്കുണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ തിരക്കുണ്ടാവുന്ന മുൻപതിവിന് ഇക്കൊല്ലം മാറ്റം കാണുന്നുണ്ട്. ശനിയും തിങ്കളും എന്ന രീതിയിലേക്കാണ് മാറ്റം.