- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയുള്ള വിജയാഹ്ലാദം; ഏരുമേലി പേട്ടതുള്ളൽ ഇന്ന്; മകരവിളക്കിന് സന്നിധാനത്ത് മാത്രം ഒന്നരലക്ഷം പേരെത്തുമെന്ന് പൊലീസ് വിലയിരുത്തൽ; തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ക്രമീകരണങ്ങൾ; ശബരിമലയിലേക്ക് ഭക്തജന ഒഴുക്ക്
എരുമേലി: ശരണമന്ത്രങ്ങളാൽ മുഖരിതമായ പകലിരവുകളെ സാക്ഷിയാക്കി പ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ ഇന്ന്. മകരവിളക്കിന് ശബരിമലയിൽ ഇത്തവണ വൻതോതിൽ ഭക്തരെത്തുമെന്ന് കരുതുന്നു. കോവിഡ് നിയന്ത്രണംകാരണം ദർശനം നടത്താൻ കഴിയാതിരുന്നവർ ഉൾപ്പെടെ എത്തുമെന്നാണ് ദേവസ്വം ബോർഡും പൊലീസും കരുതുന്നത്. ജനുവരി 14-നാണ് മകരവിളക്ക്. ഇതിന് മുന്നോടിയായാണ് പേട്ടതുള്ളൽ.
ചരിത്ര പ്രസിദ്ധവും മതസൗഹാർദത്തിന്റെ പ്രതീകവുമാണ് ഏരുമേലി പേട്ടതുള്ളൽ പട്ടതുള്ളുന്ന സംഘങ്ങൾ മകരവിളക്ക് ദിവസം സന്നിധാനത്ത് എത്തും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ ബുധനാഴ്ച ആരംഭിക്കും. മഹിഷിനിഗ്രഹത്തിന്റെ സ്മരണ പുതുക്കിയുള്ള വിജയാ ഹ്ലാദമാണ് ഏരുമേലി പേട്ടതുള്ളൽഎന്നാണ് വിശ്വാസം. പേട്ടതുള്ളുന്ന ആമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങൾ കഴിഞ്ഞ ദിവസം ഏരുമേലിയിൽ എത്തി. ഉച്ചയോടെ അമ്പവപ്പുഴ സംഘം ആദ്യം പെട്ടതുള്ളി ഏരുമേലി വാവര് പള്ളിയെ വലംവച്ച് ക്ഷേത്രത്തിലേക്ക് പോകും.തൊട്ട് പിന്നാലെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ തുടങ്ങും. പേട്ടതുള്ളൽ കഴിഞ്ഞ് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങൾ പരമ്പരാഗത കാനന പാതവഴി സന്നിധാനത്തേക്ക് പോകും. പമ്പയിലെ പമ്പാസദ്യയും പമ്പവിളക്കും കഴിഞ്ഞാണ് മലകയറുക
മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ ബുധനാഴ്ച ആരംഭിക്കും ആദ്യപ്രാസാദ ശുദ്ധിക്രയയും അടുത്തദിവസം ബിംബശുദ്ധിക്രയയും നടക്കും. ഏരുമേലി പേട്ടതുള്ളൽ കണക്കിലെടുത്ത് കരിമല പാതവഴി തീർത്ഥാടകരെ കടത്തിവിടുന്നസമയം പകൽ മുന്ന് മണിവരെ നീട്ടിയിട്ടുണ്ട്. പേട്ടതുള്ളലിന്റെ വരവറിയിച്ചു ഇന്നലെ വൈകിട്ട് മഹല്ല മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ചന്ദനക്കുട ഘോഷയാത്ര നടന്നു. ഗജവീരന്മാരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൃത്തങ്ങളും കൊട്ടകാവടിയും അണിനിരന്ന ഘോഷയാത്ര ഉത്സവ ചായയേകി. ഇന്ന് രാവിലെ 11 മണിയോടെ മാനത്ത് കൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കുന്നത് കണ്ടാൽ അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തിൽ നിന്നും പേട്ട തുള്ളിയിറങ്ങും. സംഘത്തെ നൈനാർ പള്ളിയിൽ സ്വീകരിക്കും. ഇവിടെ നിന്നും വാവരുടെ പ്രതിനിധിയും ഒപ്പം കൂടും. അയ്യപ്പന്റെ മാതാവിന്റെ പ്രതിനിധികളായാണ് അമ്പലപ്പുഴ സംഘമെത്തുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും ഉച്ചപൂജയ്ക്ക് ശേഷം അമ്പലപ്പുഴ ഭഗവാൻ കൃഷ്ണപരുന്തിലേറിയെത്തുന്നതായാണ് വിശ്വാസം.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആകാശത്ത് വെള്ളിനക്ഷത്രത്തെ ദർശിക്കുന്നതോടെ ആലങ്ങാട്ട് സംഘം പേട്ടധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും ഇറങ്ങും. പതാകയും ഗോളകയുമേന്തിയാണ് സംഘം പേട്ടതുള്ളുന്നത്. അയ്യപ്പന്റെ പിതൃസ്ഥാനീയരാണ് ആലങ്ങാട്ട് സംഘം. വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തോടൊപ്പം യാത്രയായെന്ന വിശ്വാസത്തിൽ നൈനനാർ പള്ളിയെ വണങ്ങിയാണ് ആലങ്ങാട്ടുകാർ പേട്ടതുള്ളുന്നത്. കറുപ്പുടുത്ത്, ദേഹത്ത് ചന്ദനം പൂശി ഭക്തിനിർഭരമായാണ് ആലങ്ങാട്ട് സംഘം പേട്ട. ആലങ്ങാട്ടെ ഇരുകരക്കാരുമായുള്ള തർക്കം പരിഹരിച്ചു ഒരു സംഘമായാണ് ഇത്തവണത്തെ പേട്ട. ഇരു സംഘങ്ങളെയും ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് പ്രതിനിധികൾ സ്വീകരിക്കും.
മകരവിളക്ക് ദർശനത്തിന് ദേവസ്വം ബോർഡും തിരക്ക് നിയന്ത്രിക്കാൻ പൊലീസും ക്രമീകരണങ്ങൾ എർപ്പെടുത്തിത്തുടങ്ങി. ഒന്നരലക്ഷം ഭക്തർ മകരവിളക്കുദിവസം സന്നിധാനത്ത് മാത്രം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പാണ്ടിത്താവളത്ത് രണ്ടരയേക്കർ സ്ഥലം ഇത്തവണ മകരവിളക്ക് ദർശനത്തിന് തങ്ങാൻ അധികമായി കിട്ടും. വനംവകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കത്തിൽകിടന്ന സ്ഥലം ദേവസ്വം ബോർഡിന് വിട്ടുകിട്ടിയതിനെത്തുടർന്നാണിത്.
പാണ്ടിത്താവളത്തിലെ സ്ഥിരം മകരവിളക്ക് ദർശനകേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരക്ക് നിയന്ത്രിക്കുന്നതിന് 1875 പൊലീസുകാർ സന്നിധാനത്തുണ്ടാകും. മകരവിളക്കിനുശേഷം അയ്യപ്പന്മാർക്ക് സന്നിധാനത്തുനിന്ന് പമ്പയിലേക്ക് പോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. പാണ്ടിത്താവളം ഭാഗത്ത് തങ്ങുന്ന അയ്യപ്പന്മാരെ രണ്ടുവഴികളിലൂടെ ചന്ദ്രാനന്ദൻ റോഡിലെത്തിച്ച് പമ്പയിലേക്ക് വിടുമെന്ന് സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ഇ.എസ്. ബിജുമോൻ പറഞ്ഞു.
പാണ്ടിത്താവളത്തിൽനിന്ന് ഭക്തരെ, പൊലീസ് സ്പെഷ്യൽ ഓഫീസറുടെ കാര്യാലയത്തിന് സമീപത്തുകൂടി, വലിയനടപ്പന്തലിന് സമാന്തരമായുള്ള ട്രാക്ടർ റോഡിലൂടെ സന്നിധാനം ആശുപത്രിക്ക് മുന്നിലെത്തിക്കും. പിന്നീട് ചന്ദ്രാനന്ദൻ റോഡിലൂടെ കടത്തിവിടുന്നതാണ് ഒരുവഴി.
മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തുനിന്ന് ബെയ്ലി പാലത്തിലൂടെ ചന്ദ്രാനന്ദൻ റോഡിൽ അയ്യപ്പന്മാരെ എത്തിക്കുന്നതാണ് മറ്റൊരുവഴി. ചന്ദ്രാനന്ദൻ റോഡിലൂടെ മരക്കൂട്ടത്ത് എത്തുന്ന അയ്യപ്പന്മാരെ സ്വാമിഅയ്യപ്പൻ റോഡിലൂടെ മാത്രമേ പമ്പയിലേക്ക് വിടൂ. പമ്പയിൽനിന്നുള്ള അയ്യപ്പന്മാർ നീലിമല, മരക്കൂട്ടം, ശരംകുത്തിവഴി വേണം സന്നിധാനത്തെത്താൻ.
മറുനാടന്‍ മലയാളി ബ്യൂറോ